കാലംതെറ്റി മഴ; പാടങ്ങളിൽനിന്ന് നെല്ലും പുല്ലും മാറ്റാനാവാതെ കർഷകർ
text_fieldsപുൽപള്ളി: കാലം തെറ്റി എത്തിയ മഴ പുൽപള്ളി മേഖലയിലും നെൽകർഷകർക്ക് കനത്ത തിരിച്ചടിയായി. തുടർച്ചയായ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൊയ്ത്ത് കഴിഞ്ഞവർക്കും കൊയ്യാനുള്ളവർക്കുമെല്ലാം ദുരിതമായി.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഉച്ചക്ക് ശേഷം മിക്ക ദിവസവും മഴപെയുന്നത് കർഷകരെ കണ്ണീരിലാഴ്ത്തുകയാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പലയിടത്തും നെല്ലും പുല്ലും അതേപടി കിടക്കുകയാണ്. ഹെക്ടർ കണക്കിന് പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നു. ചിലർ നെല്ല് ശേഖരിച്ചുവെങ്കിലും വയ്ക്കോൽ ഉണങ്ങാതെ എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞെങ്കിലും നെല്ല് മാറ്റാനായിട്ടില്ല. വയ്ക്കോൽ അതേപടി വെള്ളത്തിൽ കിടക്കുന്നു.
വേഗത്തിൽ എടുത്തില്ലെങ്കിൽ ഇവ ചീഞ്ഞ് നശിക്കും. ശക്തമായ വെയിൽ ഉണ്ടെങ്കിൽ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. കൊയ്യാനുള്ള കർഷകർക്ക് കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. വൻമുതൽ മുടക്കിലാണ് കർഷകർ കൃഷിയിറക്കിയത്. വയ്ക്കോലിൽ നിന്നുള്ള വരുമാനം കൂടി ഉണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു.
നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടിവേണം -കോൺഗ്രസ്
കൽപറ്റ: ക്രമം തെറ്റിയ കാലാവസ്ഥ മൂലം ദിവസങ്ങളായി വയനാട്ടിൽ പെയ്തുവരുന്ന മഴ നെൽകർഷകരുടെയും കാപ്പി കർഷകരുടെയും നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് ഡി.സി.സി യോഗം അഭിപ്രായപ്പെട്ടു. വിളവെടുപ്പിന്റെ മൂർധന്യാവസ്ഥയിൽ പെയ്ത മഴ മൂലം കനത്ത വിളനാശമാണുണ്ടായത്. കടക്കെണിയിൽപ്പെട്ടുഴലുന്ന കർഷകന്റെ ജീവിതം കൂടുതൽ ദുരിതപൂർണമായി. ഈ സാഹചര്യത്തിൽ വിളനാശത്തിന് നഷ്ടപരിഹാരം നൽകുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കടക്കെണിയിൽ ബുദ്ധിമുട്ടുന്ന കർഷകരുടെ കടബാധ്യതകളുടെ മുഴുവൻ പലിശയും എഴുതിത്തള്ളാനുള്ള നടപടി സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും കൊന്ന് തിന്ന സാഹചര്യങ്ങളുണ്ടായപ്പോൾ അവിടം സന്ദർശിക്കാതെ ഗവർണറുടെ വിരുന്നിന് പോയ വനംവകുപ്പ് മന്ത്രിക്ക് മന:സാക്ഷി മരവിച്ചുപോയെന്ന് യോഗം വിലയിരുത്തി. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, കെ.ഇ. വിനയൻ, അഡ്വ. എൻ.കെ. വർഗീസ്, കെ.വി. പോക്കർ ഹാജി, അഡ്വ. ടി.ജെ. ഐസക്ക്, മംഗലശ്ശേരി മാധവൻ, വി.എ. മജീദ് എന്നിവർ സംസാരിച്ചു.
കാപ്പിക്കും ശനി ദിശ
വടുവഞ്ചാൽ: പറിച്ചെടുത്ത കാപ്പിയും മഴ കാരണം ഉണക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ. പല തോട്ടങ്ങളിലും പഴുത്ത കാപ്പിക്കുരു മഴയത്ത് ഉതിർന്നു പോയത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കും. പറിച്ച കാപ്പിയാകട്ടെ നല്ല വെയിലുണ്ടെങ്കിൽമാത്രമേ ഉണക്കാൻ കഴിയൂ. രണ്ടും മൂന്നും ദിവസം നല്ല വെയിലിൽ ഉണക്കിയാൽ മാത്രമേ വിൽക്കാൻ കഴിയുകയുള്ളു. പറിച്ച കാപ്പി ഉണക്കാതെ കൂട്ടിയിട്ടാൽ കേടായി പോകുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിരവധി കർഷകരുടെ കാപ്പി നശിച്ചു. കളത്തിൽ ഉണക്കാനിട്ട കാപ്പി വെള്ളം കയറിയാണ് നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.