ടൗൺ വികസനത്തിന് ഗുണം ചെയ്യാതെ പുൽപള്ളിയിൽ റോഡ് നവീകരണം
text_fieldsപുൽപള്ളി: പുൽപള്ളിയിൽ റോഡ് വികസനത്തിന്റെ പേരിൽ നടത്തുന്ന പ്രവൃത്തികൾ ടൗൺ വികസനത്തിന് ഗുണം ചെയ്യില്ലെന്ന് പരാതി. നിലവിലുള്ള റോഡിന്റെ വശങ്ങളിൽ അഴുക്ക് ചാൽ നിർമിക്കുന്നുണ്ടെങ്കിലും പഴയപടിയിൽ തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ എന്നാണ് ആക്ഷേപം.
റോഡ് വീതികൂട്ടാൻ യാതൊരുനടപടിയും ബന്ധപ്പെട്ടവർ കൈക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. പുൽപള്ളി പഞ്ചായത്തിലെ കാപ്പിസെറ്റിൽ നിന്നും മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി വരെയുള്ള റോഡാണ് വീതികൂട്ടി ടാർ ചെയ്യുന്നത്. 54 കോടിയോളം രൂപ ചെലവിലാണ് റോഡ് നിർമാണ പ്രവർത്തനം.
ഇതിന്റെ ഭാഗമായി പുൽപള്ളി ടൗൺ ഒഴികെയുള്ള ഭാഗങ്ങളിൽ റോഡ് വീതി കൂട്ടിയപ്പോൾ ഒട്ടേറെ വീടുകളുടെ മതിലുകളും മറ്റും പൊളിച്ചിരുന്നു. എന്നാൽ ടൗണിൽ റോഡിന്റെ യഥാർഥ വീതി വീണ്ടെടുക്കാതെ പ്രവർത്തികൾ തുടരുന്നുവെന്നാണ് ആരോപണം. പുൽപള്ളിയിൽ നിന്ന് ആനപ്പാറയിലേക്ക് പോകുന്ന റോഡിന്റെ പല ഭാഗങ്ങളും ഇടുങ്ങിയ നിലയിലാണ്.
ഈ ഭാഗത്ത് ഓവുചാൽ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പഴയ അളവുപ്രകാരം തന്നെയാണ്. ഇത്തരത്തിൽ റോഡ് നിർമാണം നടത്തുന്നത് ഗതാഗത കുരുക്കിനും മറ്റും കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ടൗണിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന ഒട്ടേറെ പ്രവർത്തികളുണ്ട്. ഇതിലൊന്നും തൊടാതെയാണ് നിലവിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.