കബനി നദിയിൽ മണൽക്കടത്ത് വ്യാപകം
text_fields
പുൽപള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കബനി നദിയിൽ ഒലിച്ചെത്തിയ മണൽ കടത്താൻ സംഘങ്ങൾ സജീവം. കബനി നദിയുടെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്താണ് മണലൂറ്റ് വ്യാപകം. മഴയിൽ കബനിയിൽ മണൽതിട്ടകൾ രൂപം കൊണ്ടിട്ടുണ്ട്.
മണൽ കയറ്റിക്കൊണ്ടുപോകുന്നതിനായി പ്രാദേശികതലത്തിലുള്ള തൊഴിലാളികളെയടക്കം ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു ടിപ്പർ മണലിന് 5000 രൂപവരെ ഈടാക്കുന്നുണ്ട്. ഈ മണൽ മറ്റ് സ്ഥലങ്ങളിലേക്ക് ഏത്തുന്നതോടെ വില പലമടങ്ങ് വർധിക്കും.
ഇവിടെനിന്ന് വാരുന്ന മണൽ കർണാടക വഴി കടത്തി കർണാടക മണൽ എന്നപേരിൽ വയനാട്ടിൽതന്നെ എത്തിയിരുന്നു. രാത്രികാലങ്ങളിൽ വാരിയിട്ട മണൽ കബനിയുടെ തീരങ്ങളിൽ പലയിടങ്ങളിലും കാഴ്ചയാണിപ്പോൾ. പുൽപള്ളി പൊലീസ് കഴിഞ്ഞ ദിവസം വാരിയിട്ട മണൽ പലയിടങ്ങളിലായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി കബനിയിൽ മണൽവാരൽ നിരോധിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ നിരവധി തൊഴിലാളികൾക്ക് തൊഴിലവസരം ഇല്ലാതായി. മുള്ളൻകൊല്ലി പഞ്ചായത്തിെൻറ നേതൃത്വത്തിൽ മണൽ ശേഖരിച്ച് ലേലം ചെയ്ത് വിറ്റിരുന്നു. നിയന്ത്രണം വന്നതോടെ കള്ളക്കടത്തുകാരാണ് ഈ രംഗത്ത് തടിച്ചുകൊഴുക്കുന്നത്. നിബന്ധനകളോടെ മണൽ വാരാൻ നൽകിയാൽ സർക്കാറിനടക്കം വരുമാനമാകും. എന്നാൽ, ഇതിനുള്ള നടപടികൾ ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.