കടുവ ഭീതിയിൽ ശശിമല
text_fieldsപുൽപള്ളി: കടുവഭീതിയിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല. ഒരാഴ്ച മുമ്പ് പാടിച്ചിറയിൽ കണ്ട കടുവക്കുട്ടികളെ കഴിഞ്ഞ ദിവസം ശശിമലയിൽ കണ്ടതോടെയാണ് ജനം ഭീതിയിലായത്.
കടുവയെ കണ്ടെത്തുന്നതിന് ശശിമലയിലെ തോട്ടങ്ങളിൽ വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ദിവസങ്ങൾക്കു മുമ്പ് പാടിച്ചിറ ചൂനാട്ട് കവലയിൽ കടുവയെയും രണ്ടു കുട്ടികളെയും ഒട്ടേറെ പേർ കണ്ടിരുന്നു. യാത്രക്കിടെ റോഡിന് കുറുകെ ഇവ പോകുന്നതായാണ് കണ്ടത്. ഇതേത്തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും എട്ട് ഇടങ്ങളിൽ കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, കാമറയിൽ കടുവകളുടെ സാന്നിധ്യം പതിഞ്ഞില്ല.
ഇതിനിടെയാണ് ശശിമലയിൽ കടുവക്കുഞ്ഞുങ്ങളെ കെ.എസ്.ഇ.ബി ജീവനക്കാർ കണ്ടത്. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയുമായി ഫോറസ്റ്റർ മണികണ്ഠന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. കാടുമൂടിയ തോട്ടങ്ങൾ ഇവിടെ ഏറെയുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിനായി വരും ദിവസം കാമറ സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവിടെനിന്ന് ഏറെ അകലെയല്ല കർണാടക വനങ്ങൾ. ഇവിടെനിന്നാവാം കടുവകൾ നാട്ടിലേക്കിറങ്ങുന്നതെന്നാണ് നിഗമനം.
മേപ്പാടി പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു
മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ആനപ്പാറ, കടൂർ, ചൂരൽമല, കള്ളാടി പ്രദേശങ്ങളിൽ ആന, കടുവ, കരടി എന്നിവയുടെ ശല്യം കാരണം ജനജീവിതം ദുസ്സഹമാവുകയാണ്. മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യം നിലനിൽക്കെ തന്നെയാണ് കടുവയുടെയും കരടിയുടെയും ഉപദ്രവമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ആനപ്പാറയിലെ ഹംസയുടെ വീടിനു മുന്നിൽ വേട്ടയാടിയ മാനിന്റെ ശരീരാവശിഷ്ടവുമായി കടുവയെത്തിയതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
ഇതിനിടയിലാണ് ചൂരൽമല നീലിക്കാപ്പിൽ കരടി ഇറങ്ങുകയും നിരവധി വളർത്തുമൃഗങ്ങളെ കൊന്നിടുകയും ചെയ്തത്. കുഞ്ഞവറാൻ, മണി, ഷഹാന തുടങ്ങിയ മൂന്നോളം പേർ ഈയടുത്ത കാലത്തായി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇപ്പോൾ കടുവ, കരടി തുടങ്ങിയവയും നാട്ടിലിറങ്ങിയതോടെ പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.