പച്ചപ്പുല്ലിന് ക്ഷാമം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
text_fieldsപുൽപള്ളി: വേനൽ രൂക്ഷമായതിനെ തുടർന്ന് പച്ചപ്പുല്ലിന് ക്ഷാമം. ഇതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. പച്ചപ്പുല്ല് കിട്ടാതായതോടെ ഉയർന്ന വിലക്ക് ചോളത്തണ്ടാണ് കർഷകർ പശുക്കൾക്ക് തീറ്റയായി നൽകികക്കൊണ്ടിരിക്കുന്നത്. കാർഷിക വിളകളുടെ വിലത്തകർച്ചയും രോഗകീടബാധകളും വ്യാപകമായത് ഭൂരിഭാഗം കർഷകരെയും ക്ഷീരമേഖലയിലേക്ക് അടുപ്പിച്ചിരുന്നു. ജില്ലയിൽ തന്നെ ഏറ്റവുമധികം പാൽ ഉൽപാദിപ്പിക്കുന്ന മേഖലയാണ് പുൽപള്ളിയും മുള്ളൻകൊല്ലിയും. ഈ പ്രദേശങ്ങളിൽ നിന്ന് 50,000 ലിറ്ററോളം പാൽ കയറ്റിപോകുന്നുണ്ട്. വേനൽ തുടങ്ങിയതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. തീറ്റവസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം പച്ചപ്പുൽ ഉൽപാദനം എങ്ങുമില്ലാതായി. കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചോളത്തണ്ടാണ് ആശ്രയം. കിലോക്ക് അഞ്ചു രൂപ നിരക്കിലാണ് ഇത് വാങ്ങുന്നത്. മുൻവർഷം രണ്ടര രൂപ മിൽമ സബ്സിഡിയായി നൽകിയിരുന്നു. ഇപ്പോൾ സബ്സിഡി ലഭിക്കുന്നില്ല. കാലിത്തീറ്റ, പിണ്ണാക്ക് തുടങ്ങിയവയുടെ വില കുത്തനെ ഉയർന്നു. ഒരു ലിറ്റർ പാലിന് 42 മുതൽ 44 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. സബ്സിഡിയും മറ്റും ഇല്ലാതായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് കർഷകർ പറയുന്നു. കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാറും മിൽമയും അടക്കം കൈക്കൊള്ളണമെന്നാണ് ആവശ്യം. ക്ഷീരമേഖലയിൽ നിന്ന് കർഷകർ അകലാതിരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.