പനിക്കാലത്തും പുൽപള്ളി സി.എച്ച്.സിയിൽ ഡോക്ടർമാർ കുറവ്
text_fieldsപുൽപള്ളി: നാടുനീളെ പനിച്ച് വിറക്കുമ്പോഴും പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ജോലിക്കെത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ഒരു ഡോക്ടറുടെ സേവനം മാത്രമെ ആശുപത്രിയിലുണ്ടായത്. അദ്ദേഹത്തിന് 500 ഓളം രോഗികളെ ഒ.പിയിൽ മാത്രം പരിശോധിക്കേണ്ടതായി വന്നു. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു.
ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരാണ് ഉള്ളത്. ഇതിൽ പലരും മിക്കദിവസവും അവധിയിലാണ്. നിത്യേന നിരവധി രോഗികൾ എത്തുന്ന ആതുരാലയത്തില്‍ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഈ ആശുപത്രിക്ക് കീഴിലുണ്ട്.
ആശുപത്രിയുടെ പരാധീനതകൾ പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. ചികിത്സ തേടി ഇവിടെയെത്തുന്നവർക്ക് പലപ്പോഴും യഥാസമയം ചികിത്സ ലഭിക്കാറില്ലെന്നും പരാതിയുണ്ട്. സായാഹ്ന ഒ.പി ആരംഭിച്ചിട്ടുണ്ടെങ്കിലും അതും പല ദിവസങ്ങളിലും ഉണ്ടാകാറില്ല. അത്യാഹിതങ്ങൾ ഉണ്ടായാൽ ആദ്യം ആളുകൾ ഓടിയെത്തുന്നത് ഇവിടേക്കാണ്.
ഡോക്ടർമാരുടെ കുറവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. മഴക്കാലം തുടങ്ങിയതോടെ നൂറുകണക്കിന് രോഗികൾ ചികിത്സതേടി ഇവിടെ എത്തുന്നുണ്ട്.
കിടത്തി ചികിത്സക്കും പലപ്പോഴും ബന്ധപ്പെട്ടവർ തയാറാകുന്നില്ല. രാത്രി എത്തുന്നവരെ പലപ്പോഴും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കാറാണ് പതിവ്. ആശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള പനമരം ബ്ലോക്ക് പഞ്ചായത്തും ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.