ഏകാധ്യാപക വിദ്യാലയ കെട്ടിടങ്ങൾ നശിക്കുന്നു
text_fieldsപുൽപള്ളി: ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പൊതു വിദ്യാലയങ്ങളിൽ ജോലി ലഭിച്ചതോടെ സ്കൂൾ കെട്ടിടങ്ങൾ അനാഥമായി. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നിരവധി കെട്ടിടങ്ങളാണ് വയനാട്ടിലടക്കം ആർക്കും ഉപകരമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ഈ കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അധ്യാപകർക്ക് സ്വീപ്പർ തസ്തികയിൽ പാർട്ട് ടൈം, ഫുൾ ടൈം നിയമനം നൽകിയിരുന്നു. ഇതോടെയാണ് ഈ അധ്യയന വർഷം മുതൽ ബദൽ സ്കൂൾ കെട്ടിടങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയത്. വയനാട്ടിൽ 50ലേറെ ഏകാധ്യാപക വിദ്യാലയങ്ങളുണ്ടായിരുന്നു.
1997ലാണ് ഇത്തരം വിദ്യാലയങ്ങൾ ആരംഭിച്ചത്. തുടക്കകാലത്ത് ചെറിയ ഷെഡുകളിലായിരുന്നു പ്രവർത്തനം. പിന്നീട് മികച്ച കെട്ടിടങ്ങൾ ഇത്തരം വിദ്യാലയങ്ങൾക്കായി നിർമിച്ചു. 2003 വരെ ഡി.പി.ഇ.പിക്കും അതിനുശേഷം 2011 വരെ സർവ ശിക്ഷ അഭിയാനും കീഴിലായിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ അവസാന ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.
ആദിവാസി മേഖലയിലധികം പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ല അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂട്ടിയത്. ഇവിടെ പഠിച്ചിരുന്ന വിദ്യാർഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റിയിരുന്നു.
വയനാട്ടിൽ വനമേഖലയോട് ചേർന്നാണ് ഇത്തരം വിദ്യാലയ കെട്ടിടങ്ങൾ കൂടുതലായുമുള്ളത്. ഫർണിച്ചറുകളും ടെലിവിഷനുമെല്ലാം അടഞ്ഞുകിടക്കുന്ന ഈ കെട്ടിടങ്ങൾക്കുള്ളിലുണ്ട്. ഇത്തരം കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ലെങ്കിൽ നശിക്കുമെന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.