മകനെ കോടാലികൊണ്ട് തലക്കടിച്ചുകൊന്ന സംഭവം; തെളിവെടുപ്പിനെത്തിയപ്പോഴും കൂസാതെ ശിവദാസൻ
text_fieldsപുൽപള്ളി: കല്ലുവയൽ കതവാക്കുന്നിൽ മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ കൊണ്ടുവന്ന് പുൽപള്ളി പൊലീസ് തെളിവെടുപ്പ് നടത്തുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ കേസിൽ പ്രതിയായ പിതാവ് ശിവദാസൻ (55). അമ്മയോടും സഹോദരിയോടും ഫോണിൽ സംസാരിക്കുന്നതിനിടെ ഏകമകൻ അമൽദാസിനെ (22) രോക്ഷാകുലനായ ശിവദാസൻ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം.
സംഭവ ശേഷം സ്ഥലം വിട്ട ശിവദാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കേളക്കവലയിൽ നിന്നാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊലപാതകം നടന്ന മുറിയിൽവെച്ച് ശിവദാസൻ പൊലീസുകാരോട് സംഭവങ്ങൾ വിവരിച്ചു. തന്റെ അനുവാദമില്ലാതെ ഗോവയിൽ ഹോംനഴ്സ് ജോലിക്ക് ഭാര്യ സരോജിനി പോയത് ശിവദാസിന് ഇഷ്ടമായിരുന്നില്ല.
കൂടാതെ മൂത്തമകൾ കാവ്യയോടൊപ്പം കബനിഗിരിയിലെ പിതൃഭവനത്തിൽ താമസിക്കുന്നതും ഭാര്യയോടും മകളോടുമുള്ള വൈരാഗ്യം ഇരട്ടിയാക്കി. അവരുമായി ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് ശിവദാസൻ മകന് താക്കീത് നൽകിയിരുന്നു. എന്നാൽ അത് ലംഘിച്ച് അമ്മയോടും സഹോദരിയോടും ഫോണിൽ സംസാരിച്ചതിനാണ് മകനെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് ശിവദാസൻ മൊഴി നൽകി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പുൽപള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. അനന്തകൃഷ്ണൻ, എസ്.ഐമാരായ സി.ആർ. മനോജ്, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം വീട്ടിലെത്തിച്ചത്. 12 മണിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. പിന്നീട് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം അമൽദാസിന്റെ മൃതദേഹം വൈകീട്ടോടെ വീട്ടിൽ എത്തിച്ചു. അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും നിലവിളി ഹൃദയഭേദകമായിരുന്നു. കതവാക്കുന്നിലെ വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അമൽദാസ് പെയിന്റിങ് തൊഴിലാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.