കെട്ടിട സെസ് അടച്ചയാൾക്ക് വീണ്ടും നോട്ടീസ് നൽകി ലേബർ വകുപ്പ്
text_fieldsകൽപറ്റ: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് നിയമ പ്രകാരമുള്ള സെസും സർവിസ് ചാർജും അടച്ച കെട്ടിട ഉടമക്ക് പണമടക്കാനുള്ള രേഖകൾ വീണ്ടും ഹാജരാക്കണമെന്ന് കാണിച്ച് ലേബർ വകുപ്പിന്‍റെ തലതിരിഞ്ഞ നോട്ടീസ്. പണമടച്ചതിന്‍റെ കൃത്യമായ രേഖകളുമായി ഓഫിസിൽ എത്തിയപ്പോൾ അബദ്ധം സംഭവിച്ചുവെന്ന ഉദ്യോഗസ്ഥരുടെ ക്ഷമാപണവും.
ഡെപ്യൂട്ടി ലേബർ ഓഫിസിൽനിന്നാണ് കൽപറ്റ എസ്.കെ.എം.ജെ സ്കൂളിന് സമീപത്തെ വാണിജ്യ സമുച്ചയത്തിന്‍റെ ഉടമക്ക് നോട്ടീസ് ലഭിച്ചത്. കെട്ടിട നിർമാണ വിവരങ്ങൾ ഫോറം ഒന്നിൽ രേഖപ്പെടുത്തി തദ്ദേശ സ്ഥാപനത്തിൽനിന്ന്, സാക്ഷ്യപത്രം സഹിതം രേഖകൾ ഓഫിസിൽ ഹാജരാക്കണമെന്നും അല്ലെങ്കിൽ ലേബർ ഓഫിസിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമാണ ച്ചെലവ് കണക്കാക്കുമെന്നും ആ തുക അടക്കാൻ ബാധ്യസ്ഥനായിരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
രേഖകളുമായി ജില്ല ലേബർ ഓഫിസിൽ ഏപ്രിൽ 21ന് ഹാജരാകാനും നോട്ടീസിൽ നിർദേശിക്കുന്നുണ്ട്. അതേസമയം, 2020 നവംബറിൽ 49,146 രൂപയും 2022 ജനുവരിയിൽ 1026 രൂപ സർവിസ് ചാർജും 2022 ഡിസംബറിൽ 52,850 രൂപയും കെട്ടിട ഉടമ അടച്ചിരുന്നു. ഇതിന്‍റെ രേഖകളുമായി വ്യാഴാഴ്ച ലേബർ ഓഫിസിൽ എത്തിയപ്പോഴാണ്, നോട്ടീസ് അബദ്ധത്തിൽ അയച്ചതാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
പണമടച്ചതിന്‍റെ രേഖകൾ സൂക്ഷിച്ചുവെച്ചിരുന്നില്ലെങ്കിൽ വീണ്ടും സെസ് അടക്കേണ്ടിവരുകയോ നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്യുമായിരുന്നുവെന്ന് കെട്ടിട ഉടമയുടെ പിതാവ് പറഞ്ഞു. രേഖകൾ സൂക്ഷിക്കാതിരുന്നതിനാൽ തന്‍റെ സുഹൃത്തിന് വീണ്ടും കെട്ടിട സെസ് അടക്കേണ്ടിവന്ന ദുരനുഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിരവധി കെട്ടിട ഉടമകൾക്ക് താങ്ങാനാവാത്ത സെസ് തുകയും പലിശയും അടക്കേണ്ടിവരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് പണമടച്ചവർക്ക് വീണ്ടും നോട്ടീസ് നൽകിയുള്ള ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.