മഴ കുറഞ്ഞു; കബനിനദി വരളുന്നു
text_fieldsപുൽപള്ളി: കബനി നദി വീണ്ടും വരളുന്നു. കർക്കിടക മാസത്തിൽ വയനാട്ടിൽ മഴ തീരെ കുറഞ്ഞതും നദിയിലൂടെ ഒഴുകിയെത്തിയ പരമാവധി ജലം കർണാടക സംഭരിച്ചതുമാണ് കബനിയിൽ വീണ്ടും പാറക്കെട്ടുകൾ തെളിഞ്ഞു തുടങ്ങാൻ കാരണമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയാണ് ചിങ്ങമാസത്തിൽ കബനിയിൽ ഇത്തരത്തിൽ ജലനിരപ്പ് താഴുന്നത്.
സംസ്ഥാനത്ത് മഴയുടെ അളവ് ഇത്തവണ ഏറെകുറഞ്ഞ നിലയിലാണ്. ആഗസ്റ്റ് ആദ്യ ആഴ്ചയിൽ മഴയുടെ അളവിൽ 88 ശതമാനമാണ് കുറവുണ്ടായത്. ശരാശരി 120 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട ഇടങ്ങളിൽ 15 മില്ലീമീറ്ററിൽ താഴെ മാത്രമാണ് മഴ ലഭിച്ചത്. ആഗസ്റ്റ് 10 വരെയുള്ള കണക്കാണിത്. കാലവർഷത്തിൽ ജൂൺ ഒന്നു മുതൽ കഴിഞ്ഞദിവസം വരെ 42 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിൽ 54 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
മഴയുടെ കുറവ് കാരണം കൃഷിപ്പണികൾ പലയിടത്തും താളം തെറ്റി. കബനി നദിയും പോഷക നദികളും വരണ്ടുകൊണ്ടിരിക്കുമ്പോൾ കാർഷിക മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇനിയും മഴ പെയ്തില്ലെങ്കിൽ ഈ രംഗത്ത് പ്രതിസന്ധി രൂക്ഷമാകും. സമീപകാലത്തുണ്ടായ ഏറ്റവും ദുർബലമായ കാലവർഷമാണ് ഇപ്പോഴത്തേത്. കിണറുകളിലടക്കം ഉറവ ആയിട്ടില്ല. പ്രത്യേകിച്ച് പുൽപള്ളി, മുള്ളൻകൊല്ലി മേഖലകളിൽ. മഴയിലുണ്ടായ കുറവ് വിനോദസഞ്ചാരത്തേയും പ്രതിസന്ധിയിലാക്കി.
ഏതാനും വർഷങ്ങളായി വയനാട്ടിൽ മഴയുടെ കുറവ് വർധിച്ചുവരുകയാണ്. സാധാരണ മഴമഹോത്സവവും മറ്റും കാലവർഷ കാലത്തായിരുന്നു നടത്തിയിരുന്നത്. വയനാട് അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകടമായ തെളിവാണ് കാലവർഷത്തിൽ ഉണ്ടായ മാറ്റമെന്നാണ് വിലയിരുത്തൽ.
ഇതിനകം വയനാട്ടിൽ പെയ്ത മഴയുടെ ഗുണം പൂർണമായി ഉപയോഗപ്പെടുത്തിയത് അയൽസംസ്ഥാനങ്ങളാണ്. ജല സംഭരണത്തിന് കാര്യമായ പദ്ധതികൾ ഇല്ലാത്തതിനാൽ ചെറുതോടുകളിലൂടെയടക്കം വെള്ളം കർണാടകയിലേക്കാണ് ഒഴുകിപ്പോയത്. കഴിഞ്ഞ മാസം ബീച്ചനഹള്ളി ഡാം നിറഞ്ഞിരുന്നു. ഈ വെള്ളത്തിൽ തമിഴ്നാടിന് നൽകേണ്ട വിഹിതത്തിൽ നല്ലൊരു പങ്ക് കർണാടക കൈമാറിക്കഴിഞ്ഞു. കാവേരി നദീജല ട്രൈബ്യൂണൽ വിധി അനുസരിച്ചുള്ള വെള്ളമാണ് കൈമാറിയത്. ഇതിനുപുറമെ ബീച്ചനഹള്ളി ഡാമിൽ നിന്ന് വെള്ളം നൂഗു, താർക്ക ഡാമുകളിലേക്കും തുറന്നുവിട്ടു. ഇപ്പോൾ ഈ ഡാമുകളും ജലസമൃദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.