കബനി നദി വരളുന്നു
text_fieldsപുൽപള്ളി: കബനി നദി വറ്റിവരളുന്നു. കിഴക്കോട്ടൊഴുകുന്ന നദിയെ ആശ്രയിച്ചുള്ള ജലസേചന- കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ നിലക്കുമെന്ന അവസ്ഥയാണ്. വേനൽച്ചൂട് കനത്തതോടെ പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷമാകുകയാണ്. കബനിയുടെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുളള ഭാഗം പാറക്കെട്ടുകൾ നിറഞ്ഞിരിക്കുകയാണ്. തോണിക്കടവുകളിൽ മാത്രമാണ് കുറച്ചെങ്കിലും വെള്ളമുള്ളത്. മുൻവർഷം മരക്കടവിൽ കബനിക്ക് കുറുകെ നാട്ടുകാർ മണൽ ചാക്കുകൾ നിറച്ച് താൽക്കാലിക തടയണകൾ കെട്ടിയിരുന്നു. ഈ ഭാഗത്ത് പൂർണമായും നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളിൽ ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ പുൽപള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയെ പ്രതികൂലമായി ബാധിക്കും.
നിലവിൽ മരക്കടവിൽനിന്ന് കബനിഗിരിയിലെ ജലശുദ്ധീകരണ പ്ലാന്റിലേക്ക് പല തവണയായാണ് വെള്ളം പമ്പ് ചെയ്യുന്നത്. ശക്തമായ വേനൽ തുടരുകയാണെങ്കിൽ ഈ ഭാഗത്തു നിന്നും വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാകും. കബനിയിൽ നിന്നും ജലസേചന ആവശ്യത്തിന് വെള്ളമെടുക്കുന്നവരും നിരവധിയാണ്. ജലനിരപ്പ് താഴ്ന്നതോടെ കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. പുൽപള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ 40 ലക്ഷം ലിറ്ററോളം വെള്ളമാണ് പുൽപള്ളിയിലേക്ക് മാത്രം പ്രതിദിനം വേണ്ടത്. പുൽപള്ളി- മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പുഞ്ചകൃഷി നടത്തുന്ന കർഷകരും വെള്ളമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.
കബനിയുടെ കൈവഴികളായ കടമാൻതോടും മുദ്ദള്ളി തോടും കന്നാരം പുഴയിലുമെല്ലാം നീരൊഴുക്ക് നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കർണാടകയിലേതുപോലെ ചൂട് കാറ്റാണ് വീശുന്നത്. വളക്കൂറുള്ള മണ്ണ് വിണ്ടുകീറിയ നിലയിലാണ്. കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. വനത്തിലും തീറ്റയും വെള്ളവും കുറഞ്ഞു. വന്യജീവികൾ വെള്ളം തേടി നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കുന്നു. വെള്ളത്തിന്റെ ക്ഷാമം ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ കാർഷികമേഖലയിൽ അടക്കം വൻ തിരിച്ചടി നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.