വനാതിർത്തി ഗ്രാമങ്ങളിൽ ഏറുമാടങ്ങളേറുന്നു
text_fieldsപുൽപള്ളി: പുൽപള്ളി വനാതിർത്തിഗ്രാമങ്ങളിൽ ഏറുമാടങ്ങളുടെ എണ്ണം വർധിക്കുന്നു. വന്യജീവിശല്യം വർധിച്ചതാണ് ഏറുമാടങ്ങളുടെ എണ്ണത്തിലും വർധനയുണ്ടാകാൻ കാരണം. മുമ്പെല്ലാം കുടിയേറ്റ കാലഘട്ടങ്ങളിലായിരുന്നു ഏറുമാടങ്ങൾ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി കണ്ടിരുന്നത്. എന്നാൽ, ഇന്ന് വനത്തോട് ചേർന്നുകിടക്കുന്ന എല്ലായിടങ്ങളിലും ഏറുമാടങ്ങൾ പതിവുകാഴ്ചയാണ്.
ജില്ലയിലെ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ഭൂരിഭാഗം പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. ആനയും മാനും കാട്ടുപന്നിയും അടക്കമുള്ള മൃഗങ്ങൾ പതിവായി കൃഷിയിടങ്ങളിലേക്കിറങ്ങുന്നു. വൻ കൃഷിനാശമാണ് നിത്യവും ഇവ വരുത്തിവെക്കുന്നത്. മഴക്കാലം തുടങ്ങിയാൽ ശല്യം വീണ്ടും കൂടും. ഈ സാഹചര്യത്തിലാണ് കർഷകർ പാടത്തും മറ്റും ഏറുമാടങ്ങൾ കെട്ടിയുയർത്തുന്നത്. രാപ്പകൽ കാവലിരുന്നാണ് ഇവർ കൃഷി സംരക്ഷിക്കുന്നത്.
വനാതിർത്തികളിൽ പ്രതിരോധസംവിധാനങ്ങൾ പലയിടത്തും ഫലപ്രദമല്ല. പുൽപള്ളി പഞ്ചായത്തിലെ ചാത്തമംഗലം പാടശേഖരം ആകെ 60 ഏക്കറിൽ താഴെ മാത്രമാണുള്ളത്. ഇവിടെ 20ഓളം കാവൽമാടങ്ങളാണ് കെട്ടിയുയർത്തിയിരിക്കുന്നത്. പ്രതിരോധസംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതിനാലാണ് ഏറുമാടങ്ങളുടെ എണ്ണവും വർധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.