വയലിൽ വെള്ളമില്ല; മഴയിലും വിണ്ടുകീറി പാടശേഖരം
text_fieldsപുൽപള്ളി: മഴയിലും വിണ്ടുകീറി മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി പാടശേഖരം. മഴക്കുറവും കബനി നദിയിൽനിന്ന് വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്ന രണ്ട് മോട്ടോർ കത്തിപ്പോവുകയും ഒരെണ്ണം പ്രവർത്തനരഹിതമാവുകയും ചെയ്തതാണ് നൂറേക്കറോളം സ്ഥലത്തെ നെൽകൃഷി കരിഞ്ഞുണങ്ങാൻ തുടങ്ങിയത്.
കബനി ഗിരി പാടശേഖരസമിതിയുടെ കീഴിലാണ് ഈ വയൽ. വെള്ളം ലഭിക്കാതായതോടെ വയലാകെ വിണ്ടുകീറി. വരും ദിവസങ്ങളിൽ വെള്ളം ലഭിച്ചില്ലെങ്കിൽ മുഴുവൻ കൃഷിയും നശിക്കുമെന്ന അവസ്ഥയാണ്. കേടാകുന്ന മോട്ടോറുകൾ കർഷകർ തന്നെ സ്വന്തം ചെലവിലാണ് നന്നാക്കുന്നത്. ഓരോ തവണ മോട്ടോർ കേടാകുമ്പോൾ 25,000 മുതൽ 30,000 രൂപ വരെ ചെലവാകുന്നതായി കർഷകർ പറയുന്നു. പ്രദേശത്ത് പുതിയ പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച കനാലുകളും തകർച്ചയിലാണ്.
വർഷത്തിൽ രണ്ടു തവണ കൃഷിയിറക്കുന്ന പാടശേഖരമാണ് കബനിഗിരി. നിലവിലുള്ള പദ്ധതിയുടെ മോട്ടോർ കബനിപ്പുഴയിലാണ് വെച്ചിരിക്കുന്നത്. നദിയിൽ വെള്ളം ഉയരുമ്പോൾ മോട്ടോർ വെള്ളത്തിലാകുകയാണ്. കബനി നദിയോട് ചേർന്നുള്ള പാടശേഖരത്തിൽ വെള്ളമെത്തിക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം കർഷകർക്കുണ്ടാകും. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.