ഇവർക്കുവേണം; ചോർന്നൊലിക്കാത്തൊരു വീട്
text_fieldsപുൽപള്ളി: വാസയോഗ്യമായ വീടുതേടി നിർധന കുടുംബം. മുള്ളൻകൊല്ലി പഞ്ചായത്തിലെ 11ാം വാർഡായ ചെറ്റപ്പാലത്തെ കീരാംപാറയിൽ ഇന്ദിരയാണ് താൽക്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് മറച്ചുള്ള കൂരയിൽ കഴിയുന്നത്.
ആറ് അംഗങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇന്ദിര വിധവയാണ്. മകൻ ബിജുമോനും ഭാര്യ പ്രിയയും മക്കളായ അഭിനവ്, അശ്വിൻ, ആത്മിക എന്നിവരും വീട്ടിലുണ്ട്. ഒരുവർഷം മുമ്പാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. പത്ത് സെന്റ് സ്ഥലമാണ് ഇവർക്ക് ആകെയുള്ളത്. ബിജുവിന്റെ ഭാര്യ ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലാണ്. പ്രിയയുടെ ചികിത്സക്ക് ഭാരിച്ച തുക ആവശ്യമായി വന്നതോടെയാണ് ഈ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകിടംമറിഞ്ഞത്.
ചെറിയ ക്ലാസുകളിലാണ് കുട്ടികൾ പഠിക്കുന്നത്. മക്കളുടെ പുസ്തകങ്ങളടക്കം ഭദ്രമായി സൂക്ഷിക്കാനുള്ള സാഹചര്യമില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ഇവരുടെ വീടിന്റെ പിൻഭാഗം കാറ്റിൽ തകർന്നു. മറ്റു നിവൃത്തിയില്ലാത്തതിനാൽ ഷീറ്റ് വീണ്ടും വലിച്ചുകെട്ടി ഇവിടെത്തന്നെ താമസം തുടരുകയാണ്.
മഴക്കാലം ആരംഭിച്ചാൽ വീടിനുള്ളിൽ കഴിയാൻ പറ്റാത്ത അവസ്ഥയാണ്. മഴക്കാലത്തിനുമുമ്പ്, കയറിക്കിടക്കാൻ പറ്റുന്നൊരു വീടിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.