രോഗികൾ 600, ഡോക്ടർ ഒന്ന്
text_fieldsപുൽപള്ളി: 600 ലധികം രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ. ആറു ഡോക്ടർമാർ വേണ്ട ആശുപത്രിയിൽ മൂന്നു ഡോക്ടർമാർ. പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയാണിത്. രോഗി അനുപാതം വെച്ച് ആറ് ഡോക്ടർമാരാണ് ആശുപത്രിയിൽ വേണ്ടത്. എന്നാൽ, സർക്കാർ അനുവദിച്ചത് മൂന്ന് പേരെയാണ്. അതിൽ തന്നെ രണ്ടുപേർ അവധിയിലും മറ്റും ആകുന്നതോടെ രോഗികളെ ചികിത്സിക്കാൻ ഉണ്ടാവുക ഒരാൾ മാത്രം. ഇത് കാരണം രോഗികളും ഡ്യൂട്ടിയിലുളള ഡോക്ടർമാരും ഒരേപോലെ ദുരിതത്തിലാണ്. രാവിലെ ഒ.പിയിലെത്തുന്ന രോഗികൾ ഡോക്ടറെ കണ്ട് മടങ്ങുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. പനിയടക്കം പടരുമ്പോൾ ഡോക്ടർമാരുടെ കുറവ് വയോജനങ്ങൾ, കുട്ടികൾ തുടങ്ങിയവരെ ഏറെ പ്രയാസത്തിലാക്കുന്നു. ഡോക്ടർമാരുടെ തസ്തികകൾ നികത്താൻ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി മേഖലയിലുള്ളവരും കബനിക്ക് മറുകരയിലുള്ള കർണാടക ഗ്രാമങ്ങളിൽ നിന്നടക്കം ചികിത്സ തേടി ധാരാളം ആളുകൾ ഇവിടെ എത്തുന്നുണ്ട്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പലതവണ ബ്ലോക്ക് പഞ്ചായത്ത് അധികൃതരോടടക്കം ഡോക്ടർമാരുടെ കുറവ് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, നടപടി വൈകുകയാണ്. സായാഹ്ന ഒ.പി പല ദിവസങ്ങളിലും ഇല്ല. ഉച്ചക്കുശേഷം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് രോഗികൾക്ക്. പരിശോധിക്കാൻ ആളില്ലെന്ന കാരണത്താൽ ഇവിടെ നിന്ന് മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.