തറക്കല്ലിട്ട് മൂന്ന് പതിറ്റാണ്ട്; ഇനിയും വന്നില്ല ബൈരക്കുപ്പ പാലം
text_fieldsപുൽപള്ളി: ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോഴും പാലം കരതൊട്ടില്ല. 1994 സെപ്റ്റംബർ 22 ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് പെരിക്കല്ലൂരിൽ പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ഇത് കഴിഞ്ഞിട്ട് മൂന്നുപതിറ്റാണ്ടുകൾ കഴിയുമ്പോഴും പാലം വന്നില്ല. എന്നിട്ടും കുടിയേറ്റ ജനത പ്രതീക്ഷ കൈവിടുന്നില്ല. കബനീനദിക്ക് കുറുകെ കേരളത്തിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ് പാലം.
കുടിയേറ്റ മേഖലയുടെ പ്രതീക്ഷയായിരുന്നു ബൈരക്കുകുപ്പ പാലം. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകാർക്കടക്കം കർണാടകയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഉതകുന്ന രീതിയിലായിരുന്നു പാലം രൂപകൽപന ചെയ്തത്. 30 വർഷം മുമ്പ് രണ്ടുകോടിയോളം രൂപയായിരുന്നു പാലത്തിനായി കണക്കാക്കിയിരുന്നത്. പെരിക്കല്ലൂർ തോണി കടവിലൂടെയാണ് ആളുകൾ ഇപ്പോൾ കർണാടകയിലേക്ക് യാത്ര ചെയ്യുന്നത്.
ഇതിനായി തോണി സർവിസ് മാത്രമാണ് ആശ്രയം. പാലം യാഥാർഥ്യമായാൽ പുൽപ്പള്ളിയിൽനിന്ന് 80 കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂരുവിൽ എത്താൻ കഴിയും.
കർണാടകയിലെ വനം വകുപ്പാണ് പാലം നിർമാണ കാര്യത്തിൽ ആദ്യ കാലത്ത് തടസ വാദങ്ങളുമായി രംഗത്ത് വന്നത്. തുടർന്ന് ഒട്ടേറ തവണ ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
എന്നാൽ, അനുകൂല തീരുമാനം ഉണ്ടായില്ല. പെരിക്കല്ലൂർ വികസന സമിതിയുടെ നേതൃത്വത്തിൽ സമീപകാലത്ത് പാലം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലേയും മന്ത്രി സഭാതലത്തിലടക്കം ഇടപെടലുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ഇരു സംസ്ഥാന സർക്കാറുകളുടെയും കേന്ദ്ര മന്ത്രി സഭയുടെയും പിന്തുണ ലഭിച്ചാൽ പാലം യാഥാർഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനം.
പുൽപള്ളി മേഖലയുടെ പ്രതീക്ഷയായിരുന്ന പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകാത്തത് പുൽപ്പള്ളിയുടെ വികസനത്തെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.