വീണ്ടും കടുവ; കിടാവിനെ കൊന്നു, പശുവിനെ ആക്രമിച്ചു
text_fieldsപുൽപള്ളി: മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. കൃഗന്നൂരിൽ കടുവ പശുക്കിടാവിനെ കൊന്നു, പശുവിനെ ആക്രമിച്ചു പരിക്കേൽപിച്ചു. കബനിഗിരി ക്ഷീരസംഘം മുൻ പ്രസിഡന്റ് ശ്രുതി നഗർ പൂഴിപുറത്ത് മാത്യുവിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നുതിന്നത്.
വീടിനോടു ചേർന്ന തൊഴുത്തിൽനിന്നാണ് പശുക്കിടാവിനെ കടുവ പിടിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. തൊഴുത്തിൽ കെട്ടിയ ആറു വയസ്സുമുള്ള ഗർഭിണിയായ പശുവിനെയും ആക്രമിച്ച് പരിക്കേൽപിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ തൊഴുത്തിൽ പശുക്കിടാവിനെ കാണാനില്ലായിരുന്നു.
പശുവും കയർ പൊട്ടിച്ച് തൊഴുത്തിനു പുറത്തെത്തിയിരുന്നു. തുടർന്ന് രാവിലെ തോട്ടത്തിൽ പശുക്കിടാവിന്റെ ജഡം കടുവ തിന്ന നിലയിൽ കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. നിരീക്ഷണ കാമറകളും സ്ഥാപിച്ചു. ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് പ്രദേശത്ത് ഏറെയും.
കടുവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസകേന്ദ്രമായ മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി, കൃഗന്നൂർ മേഖലയിൽ കടുവ ഇറങ്ങി പശുക്കിടാവിനെ കൊന്ന സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കടുവശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കബനിഗിരി ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധ പ്രകടനം നടത്തി.
ആദിവാസി കുടുംബങ്ങൾ വന്യജീവി ഭീഷണിയിൽ
പുൽപള്ളി: സർക്കാർ ഉടമസ്ഥതയിലുള്ള ഇരുളം മരിയനാട് കാപ്പിത്തോട്ടത്തിൽ കുടിൽ കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ വന്യജീവി ഭീഷണിയാൽ ദുരിതത്തിൽ. രണ്ടു വർഷം മുമ്പ് കുടിൽ കെട്ടി താമസം ആരംഭിച്ച ആയിരത്തോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വനത്തോടു ചേർന്ന പ്രദേശമായതിനാൽ രാവും പകലും വന്യജീവികൾ ഇവിടെയെത്തുന്നു. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകാനായി മാറ്റിവെച്ച സ്ഥലമാണിത്.
എന്നാൽ, ഇതുവരെ ആർക്കും ഭൂമി കൈമാറിയിട്ടില്ല. ഇതിനിടെയാണ് രണ്ടു വർഷം മുമ്പ് ആദിവാസി കുടുംബങ്ങൾ ഇവിടെ താമസം ആരംഭിച്ചത്. താൽക്കാലിക ഷെഡുകളിലാണ് ഇവരുടെ വാസം. പലതവണ കാട്ടാനകൾ കുടിലുകൾ തകർത്തു. പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഭൂമി പതിച്ചുനൽകുന്ന കാര്യത്തിൽ നാളിതുവരെ തീരുമാനമുണ്ടായിട്ടില്ല.
ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച്
പുൽപള്ളി: ഇരുളം മാതമംഗലം പ്രദേശത്തെ രൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സമീപകാലത്ത് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാനകൾ ഉണ്ടാക്കിയത്. കൃഷിനാശത്തിന് നഷ്ടപരിഹാരവും നൽകുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷിജി ഷിബു, ലാലു, രാജൻ, ഷൈലജ, ജില്ല പഞ്ചായത്ത് അംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കലേഷ് സത്യാലയം, ജനകീയ കമ്മിറ്റി ഭാരവാഹികളായ ജിനീഷ്, നിഖിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.