പിടിയിലാകാതെ കടുവ; പ്രതിഷേധവുമായി നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
text_fieldsപുൽപള്ളി: മേഖലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടു മാസത്തിലേറെയായി പുൽപള്ളിയും മുള്ളൻകൊല്ലിയും കടുവഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലടക്കം കടുവയെ വനപാലകരും കർഷകരും അടക്കം നേരിൽ കണ്ടിരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ചയും കടുവക്കായി വനപാലകർ വടാനക്കവലയിലും പരിസരങ്ങളും തിരച്ചിൽ നടത്തി. രണ്ടാഴ്ചക്കിടെ രണ്ടു വളർത്തുമൃഗങ്ങളയാണ് കടുവ കൊന്നത്. മൂന്നിടങ്ങളിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിട്ടുണ്ട്. താന്നിത്തെരുവ്, സുരഭിക്കവല, വടാനക്കവല എന്നിവിടങ്ങളിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കാമറകളിൽ ഇതുവരെ ചിത്രം പതിഞ്ഞിട്ടില്ല. എന്നാൽ, നാട്ടുകാർ നേരിട്ട് പലതവണ കടുവയെ കണ്ടിട്ടുണ്ട്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ഇരമ്പുകയാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാണ്. സുരഭിക്കവല, വടാനക്കവല പ്രദേശങ്ങളിലായാണ് കടുവ കഴിഞ്ഞ ദിവസങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. രൂക്ഷമായ വന്യജീവിശല്യത്തിന് പരിഹാരം തേടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വീട്ടിമൂല, ഭൂദാനം, വേലിയമ്പം, ആനപ്പാറ പ്രദേശങ്ങളിലെ ആളുകൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകളാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.
വീട്ടിമൂല, ഭൂതാനം, വേലിയമ്പം പ്രദേശങ്ങളിലൂടെ പ്രകടനമായാണ് മാർച്ച് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. ജില്ല പഞ്ചായത്ത് മെംബർ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ സുശീല സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. തോമസ് മിറർ, ജോമറ്റ് കോതവഴിക്കൽ, ബേബി കൈനിക്കുടി, ടി.ജെ ചാക്കോച്ചൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.