കടുവ കൂട്ടിലായെങ്കിലും ആശങ്ക ബാക്കി
text_fieldsപുൽപള്ളി: പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിൽ വീണെങ്കിലും ആളുകളുടെ ആശങ്ക അകലുന്നില്ല. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം പല ദിവസങ്ങളിലായി ഉണ്ടായിരുന്നു. ആ കടുവ തന്നെയാണോ ഇപ്പോൾ കൂട്ടിൽ അകപ്പെട്ടതെന്നാണ് ആളുകൾ സംശയിക്കുന്നത്. ശശിമലയിലും പാടിച്ചിറയിലും കടുവയേയും കുഞ്ഞുങ്ങളേയും ആളുകൾ കണ്ടിരുന്നു. ഇതിനുശേഷം ശശിമല, സുരഭിക്കവല, വടാനക്കവല, മുള്ളൻകൊല്ലി, താന്നിത്തെരുവ്, അൻപത്താറ്, ആശ്രമക്കൊല്ലി പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. സുരഭിക്കവല, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ ഭീതി വിതച്ച കടുവയാകാം വടാനക്കവലയിലെ കൂട്ടിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്.
ഞായറാഴ്ച മുള്ളൻകൊല്ലി ടൗണിനടുത്ത വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നും മൂരിക്കിടാവിനെയും കടുവ പിടികൂടിയിരുന്നു. ഒന്നര മാസത്തിലേറെയായി പുൽപള്ളി മേഖല കടുവ ഭീതിയിലായിരുന്നു. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം കടുവയെ കണ്ടിരുന്നു. കർഷകരും വിദ്യാർഥികളുമെല്ലാം ഭയത്തോടെയായിരുന്നു കഴിഞ്ഞത്. വനപാലകരും ഏറെ കഷ്ടപ്പെട്ടിരുന്നു. ഭീതി ഒഴിഞ്ഞില്ലെങ്കിലും കടുവ കൂട്ടിലായതോടെ താത്കാലിക ആശ്വാസത്തിലാണ് ജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.