വനപാതയിൽ ഗതാഗത നിയന്ത്രണം; വ്യാപക പ്രതിഷേധം
text_fieldsപുൽപള്ളി: വനപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ഇലക്ട്രിക് കവല-കുറിച്ചിപ്പറ്റ പാതയിലാണ് രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഏതാനും ദിവസങ്ങളായി രാത്രി എട്ടു കഴിയുന്നതോടെ വനംവകുപ്പ് ഓഫിസുകളിലെ ഗേറ്റ് അടച്ചുപൂട്ടും. കഴിഞ്ഞ ദിവസങ്ങളിൽ ഈ വഴിയെത്തിയ യാത്രക്കാരെ മടക്കി അയക്കുകയും ചെയ്തു.
പുൽപള്ളിയിൽനിന്ന് പാക്കം-മാനന്തവാടി ഭാഗങ്ങളിലേക്ക് ഏളുപ്പമെത്താൻ ആളുകൾ ഉപയോഗിക്കുന്ന പാതയാണിത്. കുറിച്ചിപ്പറ്റ ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. ഈ വഴി അടച്ചതോടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി വേണം ഇവർക്ക് വീട്ടിലെത്താൻ.
രണ്ടുവർഷം മുമ്പ് ഇതേ രീതിയിൽ ഗതാഗത നിയന്ത്രണം വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നു. അന്ന് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിന്മാറി. വനപാതയിലൂടെയുള്ള ഗതാഗതം പൂണമായും നിരോധിക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോഴത്തെ അടച്ചിടലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ ആനകൾ നാട്ടിലേക്കിറങ്ങാതിരിക്കാനാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ, ഈ ഗേറ്റ് വഴിയല്ല ആന നാട്ടിലേക്കിറങ്ങുന്നതെന്നും മറ്റു വഴികളിലൂടെയാണെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.