യാത്രക്ക് ഭീഷണിയായി റോഡരികിലെ മരങ്ങൾ
text_fieldsപുൽപള്ളി: ഇരുളം മരിയനാട് കാപ്പിത്തോട്ടത്തിലൂടെ കടന്നുപോകുന്ന റോഡിന് ഇരുവശത്തും നട്ടുപിടിപ്പിച്ച മരങ്ങൾ വൈദ്യുതി ലൈനുകൾക്കും ഗതാഗതത്തിനും ഭീഷണിയാകുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി മരങ്ങൾ കടപുഴകി. ഒട്ടേറെ വൈദ്യുതി ലൈനുകൾ തകർന്നു. കഴിഞ്ഞ ദിവസം മരിയനാട് റോഡിെൻറ ഒരുവശത്ത് കൂറ്റൻ മരം വീണ് 12 വൈദ്യുതി തൂണുകളാണ് ഒറ്റയടിക്ക് തകർന്നത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.
മുൻ വർഷങ്ങളിലും നിരവധി വൈദ്യുതിത്തൂണുകൾ ഇത്തരത്തിൽ മരങ്ങൾ വീണ് തകർന്നിരുന്നു. പാതയോരത്ത് ഭീഷണിയായ മരങ്ങൾ ഇനിയും ഏറെയുണ്ട്. ഈ മരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് തയാറായിട്ടില്ല.
പുൽപള്ളി-ബത്തേരി റൂട്ടിൽ ഇരുളം മുതൽ ചെതലയം വരെയും പൂതാടി പഞ്ചായത്തിലെ നായർകവല, മരിയനാട് ഭാഗങ്ങളിലെ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുള്ള തണൽമരങ്ങളാണ് പലപ്പോഴും ഒടിഞ്ഞുവീണ് വൈദ്യുതിലൈനുകൾ പൊട്ടിവീഴുകയും യാത്രക്കാർക്ക് അപകടഭീഷണിയുമാകുന്നത്.
ചീയമ്പം 73ലും നിരവധി മരങ്ങൾ പാതയോരത്ത് ഭീഷണിയായുണ്ട്. മരങ്ങൾ ഒടിഞ്ഞുവീഴുമ്പോൾ അഗ്നിരക്ഷാസേന അടക്കമുള്ളവ എത്തിയാണ് നീക്കംചെയ്യുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചീയമ്പം-73 ഭാഗത്ത് നിന്ന് കാപ്പിത്തോട്ടത്തിലേക്കുള്ള റോഡരികിലെ തണൽമരത്തിെൻറ ശിഖരം പൊട്ടിവീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റിരുന്നു.
മരങ്ങൾ വെട്ടിമാറ്റിയില്ലെങ്കിലും റോഡരികുകളിലേക്ക് തള്ളിനിൽക്കുന്ന ശിഖരങ്ങൾ വെട്ടിമാറ്റണമെന്നാണ് കോളനിവാസികൾ അടക്കമുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.