പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ടു പേർ പിടിയിൽ
text_fieldsപുൽപള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച നാലംഗ സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവരാണ് പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘം കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. ഇവർക്ക് സഹായം ചെയ്തുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വനത്തിനുള്ളിലെ വാച്ച് ടവറിൽ താമസ സൗകര്യവും ഭക്ഷണസൗകര്യവുമടക്കം തരപ്പെടുത്തി സംഘം മുങ്ങുകയായിരുന്നു. ജൂലൈ 26 മുതൽ നാലുദിവസം പുൽപള്ളിക്കടുത്ത വനഗ്രാമമായ വെട്ടത്തൂരിലെ വനംവകുപ്പിെൻറ വാച്ച് ടവറിലാണ് ഇവർ താമസിച്ച് മടങ്ങിയത്. പട്ടാളത്തിൽ മേജറാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞാണ് ഇവർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ഭക്ഷണം ഉൾപ്പെടെ വനപാലകരാണ് എത്തിച്ചുകൊടുത്തത്.
രാവിലെ മുതൽ വൈകീട്ടുവരെ മദ്യപാനവും മീൻപിടിത്തവും ഭക്ഷണം കഴിക്കലും മാത്രമായിരുന്നു ഇവരുടെ പരിപാടികൾ. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടിയായിരുന്നു നിലവിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.