മദ്യലഹരിയിൽ പൊലീസുകാരന് ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsപുൽപള്ളി: മദ്യലഹരിയിലായിരുന്ന പൊലീസുകാരന് ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ രക്ഷപ്പെട്ട പൊലീസുകാരനെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി.
ജില്ല പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിവില്‍ പൊലീസ് ഓഫിസറായ മുത്തങ്ങ ആനപ്പന്തി കോളനിയിലെ സന്ദീപ് (24) ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരെ സന്ദീപ് കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കല്ലുവയല്‍ ജയശ്രീ ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ഗാന്ധി നഗര്‍ കോളനിയിലെ നന്ദഗോപാലിന്റെ മകന് കവിന് (രണ്ടര), പിതൃസഹോദരി ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്. റേഷന്‍ കടയിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആതിരയെയും കൈയിലുണ്ടായിരുന്ന കവിനേയും അതിവേഗത്തിലെത്തിയ കാര്‍ തട്ടിയിട്ട ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുളത്തു ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തിയെങ്കിലും ഇവിടെനിന്നും കാര്‍ അതിവേഗത്തിലോടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് വനംവകുപ്പിന്റെ നാലാം മൈലിലുള്ള ചെക്പോസ്റ്റിലേക്ക് നാട്ടുകാര്‍ വിവരം വിളിച്ചറിയിച്ചു.
ഏറെ നേരംകഴിഞ്ഞിട്ടും വാഹനം ചെക്പോസ്റ്റിലേക്ക് എത്താതായതോടെ നാട്ടുകാര്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇതിനിടയിലാണ് ഇരുളം വട്ടപ്പാടി കോളനി പരിസരത്തുനിന്ന് അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയത്. വാഹനമോടിച്ച സന്ദീപിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച ശേഷം പുൽള്ളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ സന്ദീപിനെ പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പൊലീസുകാരെ കൈയേറ്റം ചെയ്തു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് സന്ദീപിനെ പൊലീസ് വാഹനത്തില്‍ കയറ്റിവിട്ടത്. ജോലി തടസ്സപ്പെടുത്തല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സന്ദീപിനെതിരെ പുൽപള്ളി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.