പച്ചക്കറി കൃഷി; താങ്ങുവില കർഷകർക്ക് ലഭിക്കുന്നില്ല
text_fieldsപുൽപള്ളി: പച്ചക്കറി കൃഷിക്കായി സർക്കാർ ഏർപ്പെടുത്തിയ താങ്ങുവില ജില്ലയിലെ കർഷകർക്ക് ലഭിക്കുന്നില്ലെന്ന് പരാതി. മൂന്നു വർഷമായി താങ്ങുവില മുടങ്ങിയിരിക്കുകയാണ്. കാർഷിക വിളകൾക്കുള്ള ഇൻഷുറൻസും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
വയനാട്ടിൽ നിരവധി കർഷകർ പച്ചക്കറി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പയർ, പാവൽ തുടങ്ങിയ കൃഷികളാണ് കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത്. ഉൽപാദനച്ചെലവ് അനുസരിച്ചുള്ള വില പലപ്പോഴും ലഭിക്കാറില്ല. അത്തരം ഘട്ടങ്ങളിൽ കർഷകരെ സഹായിക്കുന്നതിനാണ് താങ്ങുവില ഏർപ്പെടുത്തിയത്. കാർഷിക സഹകരണ സംഘങ്ങൾക്ക് കീഴിൽ കൃഷിയിറക്കിയ ഒട്ടേറെ കർഷകർക്ക് താങ്ങുവിലയുടെ പ്രയോജനം കുറെനാളുകളായി ലഭിച്ചിട്ടില്ല. ഉയർന്ന കൂലിയും കൃഷി പരിപാലന ചെലവുകൾ ഉയർന്നതുമെല്ലാം കർഷകരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് താങ്ങുവില കർഷകർക്ക് നൽകാതിരിക്കുന്നതെന്ന് കർഷകർ പറയുന്നു. രോഗ കീടബാധകൾ മൂലം പലപ്പോഴും കൃഷി വ്യാപകമായി നശിക്കാറുണ്ട്. വന്യജീവി ശല്യത്തെ അതിജീവിച്ചാണ് പലരും കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.
പ്രകൃതിക്ഷോഭത്താലും കൃഷി നശിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനാണ് കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ, ഇത് കൃത്യമായി ലഭിക്കാറില്ല. മിക്കപ്പോഴും പ്രകൃതിക്ഷോഭത്തിൽ മാത്രമാണ് ഇൻഷുറൻസ് ലഭിക്കാറുള്ളത്. വയനാട്ടിലെ പച്ചക്കറി കർഷകരെ സഹായിക്കുന്നതിനായി പ്രത്യേകം പദ്ധതി ആവിഷ്കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വയനാട്ടിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തണെമെന്നും കർഷകർ പറയുന്നു.
നെൽകൃഷിക്ക് അജ്ഞാതരോഗം
പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ പാക്കം പാടശേഖരത്തിൽ നെൽകൃഷിക്ക് അജ്ഞാതരോഗം. നെല്ലിന്റെ ഇലകൾക്ക് മഞ്ഞനിറം ബാധിക്കുകയും ചുവട് അഴുകി നശിക്കുകയുമാണ്. രോഗബാധയെന്തെന്ന് തിരിച്ചറിയാൻ കർഷകർക്ക് കഴിയാത്ത അവസ്ഥയാണ്. പാക്കം പാടശേഖരത്തിലെ 50 ഏക്കറോളം സ്ഥലത്ത് നെൽകൃഷിക്ക് ഇത്തരത്തിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇലകൾക്ക് മഞ്ഞ നിറം ബാധിക്കുകയാണ് ആദ്യ ലക്ഷണം. പിന്നീട് വേരുകളാകെ ചീഞ്ഞ് നശിക്കുന്നു.
ദിവസങ്ങൾക്കകം ചെടി പൂർണമായും ഉണങ്ങിപ്പോകുകയാണ്. മുമ്പെങ്ങും ഇത്തരത്തിലുള്ള രോഗബാധ കണ്ടിരുന്നില്ല. വയലിലെ വെള്ളം വറ്റിച്ച് പലതരം മരുന്നുകൾ പ്രയോഗിക്കുകയാണ് ഇവിടത്തെ കർഷകർ. പാടം മുഴുവൻ തീ വിതറിയ പോലെ ചെടികൾ മൊത്തം ഇലയും തണ്ടും കരിഞ്ഞ് നശിച്ച് പോകുന്നത് കർഷകരെ തളർത്തുന്നു. പലതരം മരുന്നുകൾ പ്രയോഗിച്ചിട്ടും രോഗത്തിന് ശമനമുണ്ടായിട്ടില്ല. കൃഷിവകുപ്പിന്റെ ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.
വന്യജീവിശല്യം; കൃഷിയിറക്കാതെ കർഷകർ
പുൽപള്ളി: വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിൽ വയൽ തരിശിടുന്നവരുടെ എണ്ണം വർധിക്കുന്നു. വന്യജീവി ശല്യമാണ് കർഷകരെ കൃഷിയിറക്കുന്നതിൽ പിറകോട്ടടിപ്പിക്കുന്നത്.
മുമ്പ് വയൽകൃഷി സജീവമായിരുന്ന പല സ്ഥലങ്ങളും ഒന്നും ചെയ്യാതെ കിടക്കുകയാണ്. നെല്ല് മുഖ്യവിളയായി കൃഷിയിറക്കിയിരുന്ന വയലുകളാണ് ഇത്തരത്തിൽ
തരിശ് കിടക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഭൂമികൾ നിരവധിയാണ്. വർഷങ്ങളായി തരിശായി കിടക്കുന്ന വയലുകൾ ഇന്ന് കുറ്റിക്കാടായി മാറിയിട്ടുണ്ട്. പലയിടങ്ങളും കാട്ടുപന്നികളുടെ താവളമായി. സന്ധ്യമയങ്ങുന്നതോടെ ഇവ കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. തരിശ് കൃഷിയിടങ്ങൾ കൃഷിഭൂമിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നെൽകൃഷി നിലവിൽ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്.
ഇതിനിടയിലാണ് വന്യജീവിശല്യവും മറ്റും രൂക്ഷമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ നെൽകൃഷിയിൽ നിന്നും അകലുന്ന കർഷകർ ഓരോ വർഷവും വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.