വന്യമൃഗ ഭീതിയിൽ ഗ്രാമങ്ങൾ
text_fieldsആശങ്കയിൽ പുൽപള്ളി മേഖല
പുൽപള്ളി: ജനങ്ങളെ ഭീതിയിലാഴ്ത്തി പുൽപള്ളി മേഖലയിൽ വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യം. ഏതാനും മാസങ്ങളായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ജനങ്ങൾ വൈകുന്നേരമായാൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്. ഇരുട്ടിന്റെ മറവിൽ പതിയിരിക്കുന്ന മൃഗങ്ങൾ എപ്പോഴാണ് തങ്ങളെ ആക്രമിക്കുക എന്ന ഭയമാണ് എല്ലാവർക്കും. വിളവെടുപ്പ് സീസണായിട്ടു പോലും ഈ പ്രദേശത്തെ ജനങ്ങൾ കൃഷി സ്ഥലങ്ങളിൽ പോകാനോ വിളവെടുപ്പ് നടത്താനോ ഭയപ്പെടുന്നു.
പാകമായിട്ടും വിളവെടുപ്പ് നടത്താനാകാതെ നിരവധി തോട്ടങ്ങൾ ഇവിടെയുണ്ട്. കൂലിപ്പണിക്ക് പോയി കുടുംബം പോറ്റിയിരുന്ന ആളുകൾക്ക് ഭയം മൂലം ജോലിക്ക് പോകാനാകുന്നില്ല. മൂന്നു ഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പുൽപള്ളി, മുള്ളൻ കൊല്ലി പ്രദേശത്തേക്ക് വന്യജീവികൾക്ക് എളുപ്പത്തിൽ കടന്നുവരാവുന്ന സാഹചര്യമാണുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളും പ്രദേശത്ത് ദിനേനെയുണ്ടാവുന്നുണ്ട്. നിരവധി വളർത്തു മൃഗങ്ങളെയും ഈയടുത്ത് വന്യമൃഗങ്ങൾ കൊന്നിട്ടുണ്ട്.
കൊളവള്ളിയിൽ കടുവ ശല്യം; കന്നുകാലി കർഷകർ ഭയപ്പാടിൽ
പുൽപള്ളി: സംസ്ഥാന അതിർത്തി ഗ്രാമമായ കൊളവള്ളിയിൽ കടുവ ശല്യം രൂക്ഷമായതോടെ കന്നുകാലികളെ വളർത്തി ഉപജീവന മാർഗ്ഗം കണ്ടെത്തുന്നവർ പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം വയലിൽ മേയ്ക്കാൻ വിട്ട ആടിനെ കടുവ കൊലപ്പെടുത്തിയിരുന്നു. കന്നുകാലികൾക്ക് പകൽ മുഴുവൻ കാവലിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. കർണാടക വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കൊളവള്ളി. കൊളവള്ളി ആദിവാസി കോളനിക്കാരിൽ നല്ലൊരു പങ്കും പോത്തിനെ വളർത്തിയാണ് ജീവിത മാർഗം കണ്ടെത്തുന്നത്. മിക്ക കുടുംബങ്ങളും പോത്തിനെ വളർത്തുന്നുണ്ട്.
കുറേ ആളുകൾ ആടുകളേയും വളർത്തുന്നുണ്ട്. ഇവയെ മേയാനായി വിടുന്നത് സമീപത്തെ പുൽമൈതാനിയിലേക്കാണ്. കബനിയുടെ തീരമായതിനാൽ കുളിപ്പിക്കുന്നതിനടക്കം സൗകര്യമുണ്ട്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് ഇവിടെയുള്ള വനം. കടുവ സങ്കേതമാണ് ഇവിടം. മുമ്പെങ്ങും കടുവകളുടെ ശല്യം ഇത്രയും രൂക്ഷമായിരുന്നില്ല. ഇപ്പോൾ പലപ്പോഴായി നാട്ടുകാർ ഇവിടെ കടുവയെ കാണുന്നു. ഇത്തരം സാഹചര്യത്തിൽ ആടുമാടുകളെ വളർത്തുന്നവർ ദുരിതങ്ങൾക്ക് നടുവിലായി. അതിർത്തി പ്രദേശത്ത് പ്രതിരോധ സംവിധാനങ്ങളും കാര്യക്ഷമമല്ല.
ചേകാടി വനപാത കൈയടക്കി കാട്ടാനകൾ
പുൽപള്ളി: പുൽപള്ളിയിൽ നിന്നും ചേകാടിയിലേക്കുള്ള വനപാത കാട്ടാനകൾ കൈയടക്കി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാട്ടാന ആക്രമണം ഈ ഭാഗത്തുണ്ടായി. സന്ധ്യ മയങ്ങിയാൽ ഈ വഴി വാഹനം ഓടിച്ച് വരാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
ഉദയക്കര മുതൽ ചേകാടി വരെ കൊടും വനമാണ്. വനപാത പൂർണമായും തകർന്നു കിടക്കുകയാണ്. കഴിഞ്ഞ ദിവസം കാറിൽ യാത്രചെയ്തവർ ആനയുടെ മുന്നിൽപെട്ടിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണിപ്പോൾ. കഴിഞ്ഞ ദിവസം കാട്ടാനയുടെ മുന്നിൽനിന്ന് ബൈക്ക് യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കർണാടക വനത്തിൽ നിന്നും കൂട്ടമായി ഇറങ്ങുന്ന കാട്ടാനകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങളിലെ കുറ്റിക്കാടുകളിൽ മറഞ്ഞു നിൽക്കുന്ന കാട്ടാനകൾ വാഹനങ്ങൾ വരുമ്പോൾ മുന്നിലേക്ക് ചാടുകയാണ്.
കർണാടകയിലേക്കടക്കം ആളുകൾ ഇപ്പോൾ പോകുന്നത് ഈ വഴിയാണ്. കുങ്കിയാനകളെ ഉപയോഗപ്പെടുത്തി കാട്ടാനക്കൂട്ടത്തെ നീക്കണമെന്നാണ് ആവശ്യം. സന്ധ്യ മയങ്ങുന്നതോടെ ഈ വഴി വാഹനങ്ങൾ വിളിച്ചാൽ പോലും വരാതായി.
ചൂരൽമലയിൽ പുലി വളർത്തുനായെ കൊന്നു
മേപ്പാടി: ചൂരൽമലയിൽ പുലി വളർത്തു നായെ കടിച്ചു കൊന്നു. ചൂരൽമല എച്ച്.എം.എൽ തേയില ഫാക്ടറിക്ക് സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ കെട്ടിയിട്ടിരുന്ന വളർത്തുനായെ ശനിയാഴ്ച രാത്രിയിലാണ് പുലി കൊന്നത്.
മുണ്ടക്കൈ ഗവ.എൽ.പിസ്കൂൾ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ള എല്ലാ വീട്ടുകാരും പോയിരുന്ന സമയത്താണ് പുലിയുടെ ആക്രമണമുണ്ടായത്. നായെ കൊന്ന് ശരീരത്തിന്റെ കുറച്ച് ഭാഗം ഭക്ഷിച്ച് ബാക്കി ഭാഗം ഉപേക്ഷിച്ചു പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.