മരക്കടവ് ഡിപ്പോ കാട്ടുനായ്ക്ക കോളനിയിലെ ജല പദ്ധതികൾ വെറുതെ
text_fieldsപുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ നടപ്പാക്കിയ ജല പദ്ധതികൾ വെറുതെയായി. തുള്ളി വെള്ളം പോലും കിട്ടാത്ത സ്ഥിതിയാണ്. വരൾച്ച രൂക്ഷമായതോടെ കോളനിവാസികൾ കുടിവെള്ളത്തിനായി അലയുകയാണ്. വർഷങ്ങൾക്ക് മുമ്പ് കോളനിയിലെ 50 ഓളം കുടുംബങ്ങൾക്കായാണ് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്.
ജലസംഭരണിയും മറ്റും നിർമിച്ചതല്ലാതെ തുടർ പ്രവൃത്തികൾ ഉണ്ടായില്ല. ഇതിനാൽ പദ്ധതിയുടെ പ്രയോജനം ഇവർക്ക് ലഭിച്ചില്ല. ഈയടുത്ത് ജൽജീവൻ മിഷന്റെ പ്രവൃത്തികൾ കോളനിയിൽ നടത്തിയിരുന്നു. എല്ലാ വീടുകളിലും ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൈപ്പ് ലൈനുകളുടെ പണി ആരംഭിച്ചിട്ടില്ല. ഈ പദ്ധതിയിൽ നിന്നുള്ള വെള്ളം എപ്പോൾ ലഭിക്കുമെന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയാണ്.
വാട്ടർ അതോറിറ്റിയുടെ ഒരു കണക്ഷനെ ആശ്രയിച്ചാണ് കോളനി വാസികൾ നിലവിൽ കഴിയുന്നത്. ഇതിൽ എല്ലാ ദിവസവും വെള്ളം ലഭിക്കാറുമില്ല. വരുന്ന ദിവസങ്ങളിൽ ഏറെ സമയം കാത്തുനിന്നാണ് വെള്ളം ശേഖരിക്കുന്നത്. പണികൾ പൂർത്തിയാക്കി കുടിവെള്ളപദ്ധതിയുടെ പ്രയോജനം അടിയന്തരമായി കോളനിക്കാർക്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.