പുൽപള്ളി മേഖലയിൽ ജലക്ഷാമം; വരൾച്ച ഭീഷണി
text_fieldsപുൽപള്ളി: കബനിയിൽ നീരൊഴുക്ക് പൂർണമായും നിലച്ചതോടെ പുൽപള്ളി മേഖലയിലേക്കുള്ള ജലവിതരണം നിർത്തലാക്കി. പുൽപള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് ജലമെത്തിക്കുന്ന പദ്ധതി നിലച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി പാടുപെടുകയാണ്.
കബനിയിൽ ജലവിതാനം താഴ്ന്നിട്ട് ആഴ്ചകൾ കഴിഞ്ഞു. പാറക്കെട്ടുകൾ മാത്രമായി മാറിയിരിക്കുകയാണ് കബനി. മരക്കടവിലെ പമ്പ് ഹൗസിലേക്ക് കുടിവെള്ളമെടുക്കാൻ പറ്റാത്ത രീതിയിൽ ജലനിരപ്പ് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജലവിതരണം നിർത്തിവെക്കേണ്ടിവന്നത്.
പ്രതിദിനം 50 ലക്ഷം ലിറ്റർ വെള്ളമാണ് കുടിവെള്ള പദ്ധതിയിലേക്ക് ആവശ്യമുള്ളത്. ഇപ്പോൾ തുള്ളി വെള്ളംപോലും കബനിയിൽ ഇല്ലാതായതോടെ കബനി ജലവിതരണ പദ്ധതിയിലെ 15,000ത്തോളം കുടുംബങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
കിണറുകൾ വറ്റി
പുൽപള്ളി: വരൾച്ച രൂക്ഷമായതോടെ പുൽപള്ളി ടൗണിനോടു ചേർന്ന പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. നൂറുകണക്കിന് കിണറുകളാണ് ഇതിനകം വറ്റിയത്. 600 അടി താഴ്ചയുള്ള കുഴൽ കിണറുകൾ പോലും ഇക്കൂട്ടത്തിൽപെടുന്നു. പുൽപള്ളി മേഖലയിൽ നാളിതുവരെ ഉണ്ടാകാത്ത രീതിയിലാണ് ജലക്ഷാമം ഉണ്ടായിരിക്കുന്നത്. സാധാരണ കിണറുകൾ 90 ശതമാനവും വറ്റിവരണ്ടു.
ആദിവാസി കോളനികളിലും മറ്റുമുള്ള കിണറുകളും വറ്റിപ്പോയി. കുളത്തൂർ, സാന്ദീപനിക്കുന്ന്, അത്തിക്കുനി, പാലമൂല, പുൽപള്ളി ടൗൺ എന്നിവിടങ്ങളിലെ കിണറുകൾ ഭൂരിഭാഗവും വറ്റി. ആളുകൾ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. ജൽ ജീവൻ മിഷന്റെ പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ ഇതിൽനിന്നുള്ള വെള്ളവും ലഭിക്കുന്നില്ല. കബനി ജലവിതരണ പദ്ധതിയിൽനിന്നുള്ള വെള്ളവും ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്.
ആദിവാസി കോളനികളിലും മറ്റും കഴിയുന്നവർ വെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടുകയാണ്. വർഷകാലമാകാതെ ഈ ജലസ്രോതസ്സുകളിലൊന്നും വെള്ളമാവുകയുമില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുമില്ല. ജില്ലയിൽ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായി മാറിയിരിക്കുകയാണ് പുൽപള്ളിയും പരിസരപ്രദേശങ്ങളും.
കവുങ്ങുകൃഷിക്ക് വ്യാപക നാശം
പുൽപള്ളി: കടുത്ത വേനലിൽ പുൽപള്ളി മേഖലയിൽ കവുങ്ങുകൃഷി വ്യാപകമായി നശിക്കുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഹെക്ടർകണക്കിന് കവുങ്ങുകൃഷിയാണ് വേനൽ ചൂടിനാൽ കരിഞ്ഞുണങ്ങിയത്. കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് വ്യാപക കൃഷിനാശം ഉണ്ടായത്. കാപ്പി, കുരുമുളക് കൃഷികളാണ് ആദ്യ ഘട്ടത്തിൽ കരിഞ്ഞുണങ്ങിയത്. രണ്ടാഴ്ചക്കിടെ കവുങ്ങ് കൃഷിയെയും ചൂട് ബാധിച്ചുതുടങ്ങി. കുന്നത്ത് കവല, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെല്ലാം പുതുതായി നട്ട കവുങ്ങ് തൈകളാണ് കൂടുതലും നശിച്ചത്. അഞ്ചു വർഷം മുമ്പ് കൊണ്ട് നട്ട ചെടികൾ വിളവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് കനത്ത ചൂടിൽ കരിഞ്ഞുണങ്ങിയത്. ഇനി മഴ ലഭിച്ചാലും കൃഷി സംരക്ഷിക്കാനാകില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. എന്നാൽ, മുള്ളൻകൊല്ലിയിൽ ലഭിച്ചത് ചാറ്റൽ മഴ മാത്രമാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ അവശേഷിക്കുന്ന കൃഷികൂടി നശിക്കുമെന്ന നിലയാണ്. കൃഷിനാശമുണ്ടായ കർഷകർക്ക് സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
എൽ.ഡി.എഫ് സംഘം സന്ദർശിച്ചു
പുൽപള്ളി: പുൽപള്ളി മേഖലയിലെ വരൾച്ച പ്രദേശങ്ങൾ എൽ.ഡി.എഫ് സംഘം സന്ദർശിച്ചു. വറ്റിവരണ്ട കബനി നദിയും വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയ തോട്ടങ്ങളും പ്രതിനിധി സംഘം സന്ദർശിച്ചു. പി. സന്തോഷ് കുമാർ എം.പി, എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കൊളവള്ളി, കൃഗന്നൂർ, തറപ്പത്തുകവല പ്രദേശങ്ങളിലാണ് സംഘമെത്തിയത്. സി.പി.ഐ ജില്ല സെക്രട്ടറി പി.ജെ. ബാബു, എം.എസ്. സുരേഷ് ബാബു, സി.എം. ശിവരാമൻ, എ.വി. ജയൻ, റെജി ഓലിക്കരോട്ട് എന്നിവരുമുണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയും ഒപ്പമുണ്ടായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനടക്കമുള്ള ഇടപെടലുകൾ നടത്തുമെന്നും മറ്റു പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സംഘാംഗങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.