കാലാവസ്ഥാ കുത്തേറ്റ് തേനീച്ച കർഷകർ
text_fieldsപുൽപള്ളി: തേൻ ഉൽപാദനം മുൻ വർഷത്തേക്കൾ പകുതിയായി കുറഞ്ഞതോെട ജില്ലയിലെ തേനീച്ച കർഷകർ പ്രതിസന്ധിയിൽ. കാലാവസ്ഥ വ്യതിയാനമാണ് കർഷകർക്ക് ഇരുട്ടടിയായത്. സാധാരണ ഏപ്രിൽ ആദ്യവാരം തേൻ ശേഖരണം നടത്താറുണ്ടായിരുന്നു. ഇത്തവണ ഇത് മേയ് അവസാനത്തോടെയായി.
ഡിസംബർ-ജനുവരി മാസത്തിൽ സ്വാഭാവികമായി പൊഴിയേണ്ട റബർ ഇലകൾ ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ അകാലത്തിൽ പൊഴിഞ്ഞത് തേനീച്ച കർഷകരെ ആശങ്കയിലാക്കിയിരുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയും വില്ലനായി മാറി. റബർ ഇലപൊഴിച്ചിലിനെത്തുടർന്ന് തേൻ ശേഖരണവും തേനീച്ചകളെ പ്രതികൂലമായി ബാധിച്ചു. മികച്ച ഉൽപാദനം മുന്നിൽ കണ്ട് മിക്ക കർഷകരും കൂടുതൽ കൂടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, റബർ ഇലകളുടെ അസാന്നിധ്യം മൂലം തേൻ അടകളെല്ലാം ഒഴിയാൻ കാരണമായി.
വർധിച്ച ഉൗഷ്മാവ് പുഷ്പങ്ങളിൽ പൂന്തേൻ ഉൽപാദനം കുറച്ചു. പൂമ്പൊടിയുടെ അഭാവം തേനീച്ചക്കൂട്ടിലെ പുഴുക്കളുടെ വളർച്ചയേയും പ്രതികൂലമായി ബാധിച്ചു. ഒട്ടും മധുരതരമല്ലാത്ത ഒരു വിളവെടുപ്പാണ് ഇപ്പോൾ വയനാട്ടിൽ നടക്കുന്നത്. ലോക്ഡൗണിനെത്തുടർന്ന് കൂടുതൽ ആവശ്യക്കാർ വരാത്തതും തേനീച്ച കർഷകരെ ദോഷമായി ബാധിച്ചിട്ടുണ്ട്. സർക്കാർ സഹായങ്ങൾ ഒന്നും ഇല്ലാതെയാണ് വയനാട്ടിലെ ഭൂരിഭാഗം കർഷകരും തേനീച്ചക്കൃഷി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.