മാവിലാംതോടിലേക്ക് സ്വാഗതം
text_fieldsപുൽപള്ളി: ബ്രിട്ടീഷ് വാഴ്ചക്കെതിരെ 1796ല്‍ പോരാട്ടം തുടങ്ങിയ പഴശ്ശി രാജാവ് 1805 നവംബര്‍ 30ന് മൃതിയടഞ്ഞ ഇടമാണ് മാവിലാംതോട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനവും കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിന്റെ ഭാഗമായ ഗുണ്ടറക്കാടും അതിരിടുന്നതാണ് ഈ പ്രദേശം.
വൈദേശികാധിപത്യത്തിനെതിരെ പോരാട്ടം നടത്തിയ കേരളവര്‍മ പഴശിരാജയുടെ മണ്ണ് അടുത്ത കാലത്താണ് വയനാടന്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാൻ തുടങ്ങിയത്. പുല്പള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ കര്‍ണാടകയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് മാവിലാംതോടം.
പഴശ്ശിരാജാ ലാന്‍ഡ് സ്കേപ് മ്യൂസിയമാക്കി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയതോടെ പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വളരുകയാണിവിടം. നിരവധി സഞ്ചാരികളാണ് ജില്ലക്കുപുറത്തുനിന്നടക്കം ഇവിടെ എത്താന്‍ തുടങ്ങിയത്.
പ്രദേശത്തിന്റെ ചരിത്രപ്രാധാന്യവും പ്രകൃതി സൗന്ദര്യവുമാണ് മാവിലാംതോടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പുല്പള്ളി ടൗണില്‍നിന്നു ഏഴ് കിലോമീറ്റര്‍ അകലെയാണ് മാവിലാംതോട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രവേശനം.
2.64 ഏക്കര്‍ വിസ്തീര്‍ണം
2.64 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള മാവിലാംതോട് വിനോദസഞ്ചാരകേന്ദ്രം. മൂന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി 2005-06ല്‍ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് വിലക്കുവാങ്ങുകയായിരുന്നു.
ടൂറിസം വികസനത്തിന് ഭൂമി 2015-16ലാണ് ഉപാധികളോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കൈമാറിയത്. ടി. രവീന്ദ്രന് തമ്പി വയനാട് കലക്ടറായിരുന്ന കാലത്താണ് മാവിലാംതോടില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തോടിനു സമീപം സ്മാരകത്തറ നിര്‍മിക്കുന്നതിനു മുന്‍കൈയെടുത്തതും അദ്ദേഹമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മാവിലാംതോടില്‍ ജില്ലാ പഞ്ചായത്ത് മണ്ഡപം ഒരുക്കി പഴശിരാജാവിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.
ലാന്‍ഡ്സ്കേപ് മ്യൂസിയം
പഴശ്ശിരാജാവ് ബ്രിട്ടീഷുകാരുമായി നടത്തിയ പോരാട്ടത്തില്‍നിന്നുള്ള ഏടുകള്‍ കോര്‍ത്തിണക്കി സ്ഥാപിച്ച ലാന്‍ഡ് സ്കേപ് മ്യൂസിയമാണ് മാവിലാംതോടിന്റെ മുഖ്യ ആകര്‍ഷണം. കോണ്‍ക്രീറ്റും ചായവും ഉപയോഗിച്ചാണ് മ്യൂസിയത്തിലെ നിര്‍മിതികള്‍. ബ്രിട്ടീഷുകാര്‍ ക്ഷണിച്ചതനുസരിച്ച് 1797ല്‍ തലശ്ശേരി കോട്ടയില്‍ ചര്‍ച്ചക്ക് എത്തുന്ന പഴശ്ശിരാജാവ്, ബോംബെ ഗവര്‍ണര്‍ ജോനാഥന് ഡങ്കണ്‍, ബ്രിട്ടീഷ് സൈന്യാധിപന് സ്റ്റുവര്‍ട്ട് എന്നിവരുമായി ചര്‍ച്ച നടത്തുന്ന പഴശ്ശി രാജാവ്, ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സമാധാന കരാറില്‍ ഒപ്പുവെക്കുന്നത്, നായര്‍ പടത്തലവന് എടച്ചന കുങ്കന്, കുറിച്യ പടത്തലവന് തലക്കല്‍ ചന്തു എന്നിവരുടെ സാന്നിധ്യത്തില്‍ 1802ല്‍ നടത്തുന്ന യുദ്ധപ്രഖ്യാപനം, മരിച്ച പഴശ്ശി രാജാവിനു സൈനിക ബഹുമതി നല്കുന്ന സബ് കലക്ടര്‍ തോമസ് ബാബര്‍, പഴശ്ശി രാജാവിന്റെ മൃതദേഹം സ്വന്തം പല്ലക്കില്‍ മാനന്തവാടിക്ക് കൊണ്ടുപോകുന്ന ബാബര്‍ ഇങ്ങനെ നിരവധിയാണ് മ്യൂസിയത്തിലെ കോണ്‍ക്രീറ്റ് ശില്പങ്ങള്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.