പുൽപള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർ എപ്പോഴാ വരുക?
text_fieldsപുൽപള്ളി: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തത് രോഗികൾക്ക് ദുരിതമായി. ആറ് ഡോക്ടർമാരാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് സ്ഥലം മാറ്റം ലഭിച്ചു. ഈ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒ.പിയിൽ മിക്ക ദിവസങ്ങളിലും ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം മാത്രമേ ലഭിക്കാറുള്ളൂ. ഒരു ഡോക്ടർക്ക് പലപ്പോഴും അഞ്ഞൂറിലേറെ രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ്. മഴക്കാലം തുടങ്ങിയതോടെ പനിയടക്കമുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടി. ഡോക്ടർമാരുടെ കുറവുമൂലം ഐ.പി വാർഡിലും രോഗികളെ കിടത്തി ചികിത്സിക്കുന്നത് കുറച്ചു.
പലപ്പോഴും ഉച്ചക്കുശേഷമുള്ള ഒ.പിയും നിലക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ ചികിത്സ ലഭിക്കാറില്ല. നിരവധി തവണ ഹോസ്പിറ്റൽ മാനേജ് കമ്മറ്റി അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രം കൂടിയാണ് പുൽപള്ളിയിലേത്. ആശുപത്രിയുടെ ഉത്തരവാദിത്തമുള്ള പനമരം ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ആശുപത്രി കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.