വീണ്ടും കാട്ടാനക്കലി; വീടിന്റെ മതിൽ തകർത്തു
text_fieldsപുൽപള്ളി: പുൽപള്ളിയിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. വീട്ടിമൂലയിൽ വീടിന്റെ മതിൽ തകർത്തു. വാരിശ്ശേരിയിൽ അജയകുമാറിന്റെ വീടിന്റെ മതിലാണ് തകർത്തത്. ബുധനാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്രമണകാരിയായ കാട്ടാന നാട്ടിൽ ഭീതി പരത്തുകയാണ്. കഴിഞ്ഞ ദിവസം കുറിച്ചിപ്പറ്റയിൽ കാട്ടാന കട തകർത്തിരുന്നു. തൊട്ടടുത്ത ദിവസം വേലിയമ്പത്ത് കാട്ടാന മൂരിക്കിടാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവമുണ്ടായി.
ഇതിന് തൊട്ടുപിന്നാലെയാണ് ആന വീടിന്റെ മതിൽ തകർത്തത്. മതിലിനോട് ചേർന്ന ക്വാർട്ടേഴ്സിൽ നിരവധി ജീവനക്കാർ താമസിക്കുന്നുണ്ട്. ഇവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വയനാട് റൈസ് മിൽ ഉടമകൂടിയാണ് അജയകുമാർ. മില്ലും വീടിനോടുചേർന്നാണ്.
ആന കോമ്പൗണ്ടിനുള്ളിൽ കയറിയിരുന്നെങ്കിൽ വൻ നാശം സംഭവിക്കുമായിരുന്നു. തുടർച്ചയായ ആനയുടെ ആക്രമണം പ്രദേശത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.
പാക്കത്ത് വനസംരക്ഷണസമിതി ജീവനക്കാരൻ പോൾ സമീപ കാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണകാരിയായ ഈ ആനയാണോ നാട്ടിലിറങ്ങിയിരിക്കുന്നതെന്ന് സംശയമുണ്ട്. കാട്ടാനയെ കണ്ടെത്തി തുരത്താൻ വനപാലകർക്കും കഴിഞ്ഞിട്ടില്ല. തുടർച്ചയായ ആനശല്യം കാരണം സന്ധ്യമയങ്ങിയാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂരിക്കുട്ടി ചത്തു
പുൽപള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂരിക്കിടാവ് ചത്തു. വേലിയമ്പം കൊരഞ്ഞിവയൽ രാധാകൃഷ്ണന്റെ മൂന്നുവയസ്സ് പ്രായമുള്ള മൂരിക്കിടാവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന മൂരിക്കിടാവിനെയാണ് കാട്ടാന ആക്രമിച്ചത്.
കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു കാട്ടാന വീടിനോട് ചേർന്നുള്ള തൊഴുത്ത് തകർത്ത് കന്നുകാലിയെ ആക്രമിച്ചത്. 40,000 ത്തോളം രൂപ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
വനപാലകർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. വെറ്ററിനറി ഡോക്ടർ പ്രേമനന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് വനപാലകർ അറിയിച്ചു.
വനത്തിൽ കയറിയ കൊമ്പൻ വീണ്ടും കുറിച്ചിപ്പറ്റയിൽ
പുൽപള്ളി: ഞായറാഴ്ച കുറിച്ചിപ്പറ്റയിൽ അക്രമം നടത്തി വനത്തിൽ കയറിയ കൊമ്പൻ ബുധനാഴ്ചയും പ്രദേശത്തിറങ്ങി. കുറിച്ചിപ്പറ്റ വഴി ആലൂർകുന്നിലേക്കായിരുന്നു ബുധനാഴ്ചത്തെ യാത്ര. അർധരാത്രയോടെ ആലൂർകുന്നിലെ കൃഷിയിടങ്ങളിലിറങ്ങിയ ആന ആലൂർ രാമകൃഷ്ണൻ, ചന്ദ്രൻ, തിമ്മപ്പൻ ചെട്ടി, കൃഷ്ണാലയം രതി എന്നിവരുടെ സ്ഥലത്ത് കാപ്പിയടക്കമുള്ള കൃഷികൾ നശിപ്പിച്ചു.
നേരംപുലർന്നിട്ടും നാട്ടിൽ തങ്ങുന്ന കാട്ടാന പ്രദേശവാസികളിൽ ഭീതിയും ആശങ്കയുമുണ്ടാക്കുന്നു. സന്ധ്യക്കുമുമ്പേ ആളുകൾ വീടെത്തുന്നു.
രാവിലെ പാലളക്കാനും പള്ളിയിൽ പോകാനും കഴിയാത്ത അവസ്ഥയിലാണ് വനയോരവാസികൾ. ചേകാടി വനാതിർത്തിയിൽ വേലി നിർമാണം ഏതാണ്ട് പൂർത്തിയായപ്പോഴാണ് അടുത്ത താവളം തേടി ആനകൾ വനത്തിന്റെ മറുഭാഗമായ പാക്കം പ്രദേശത്തേക്ക് നീങ്ങിയത്. ചേകാടി റൂട്ടിലെ ശല്യക്കാരായ ആനകൾ കുറിച്ചിപ്പറ്റ, പാക്കം വനപ്രദേശത്തേക്ക് മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.