കാട്ടാനപ്പേടിയില്‍ ഇരുളം, ഓര്‍ക്കടവ് നിവാസികള്‍
text_fieldsപുല്പള്ളി: ഇരുളം, ഓര്‍ക്കടവ് പ്രദേശവാസികൾ കാട്ടാനപ്പേടിയിൽ. ഓര്‍ക്കടവില്‍ കാട്ടാന കഴിഞ്ഞ ദിവസം ബൈക്ക് തകര്‍ത്തു. ഓര്‍ക്കടവ് ചാരു പറമ്പില്‍ ശ്യാമിന്റെ ബൈക്കാണ് കാട്ടാന തകര്‍ത്തത്. കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്കിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായ സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.
രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങാന്‍ തുടങ്ങിയതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാനകള്‍ പതിവായെത്തി പ്രദേശത്തെ കൃഷിയിടങ്ങളെല്ലാം വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമുക്, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. കാട്ടാനകളെ ഭയന്ന് പ്രദേശവാസികള്‍ നേരത്തെ പ്ലാവുകളിലെ ചക്കകള്‍ നശിപ്പിച്ചിരുന്നു.
സന്ധ്യ മയങ്ങുന്നതോടെ പല ദിക്കുകളില്‍ നിന്നെത്തുന്ന കാട്ടാനകള്‍ പ്രദേശത്ത് തമ്പടിക്കുകയും നേരം വെളുത്താൽപോലും പോകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. വിദ്യാര്‍ഥികളും മറ്റും ഏറെ പ്രയാസപ്പെട്ടാണ് സ്കൂളുകളിലും മറ്റും പോയി വരുന്നത്. സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പ്രദേശമാണ് ഇരുളം ഓര്‍ക്കടവ്. ഏതാനും കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാര്പ്പിച്ചുവെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ഇവിടെ തന്നെയാണ് താമസിക്കുന്നത്. വിവിധ കാരണങ്ങള്‍ നിരത്തി അധികൃതര്‍ പദ്ധതി നീട്ടിക്കൊണ്ടുപോകുകയാണ്. ആവശ്യമായ ഫണ്ടില്ലാത്തതാണ് പദ്ധതി അനന്തമായി നീളാന്‍ കാരണമെന്നാണ് പറയുന്നത്. യാത്ര സൗകര്യമില്ലാത്ത പ്രദേശമായതിനാല്‍ നാട്ടുകാര്‍ കാൽ നടയായും മറ്റുമാണ് ഇരുളത്തേക്കും മറ്റും പോകാറുള്ളത്. വനപാതയിലൂടെയുള്ള യാത്രപോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.
കാട്ടാന തകർത്ത ബൈക്ക് നന്നാക്കുന്നതിനാവശ്യമായ തുക അനുവദിക്കാമെന്ന് വനംവകുപ്പ് ഉറപ്പു നല്‍കിയതായി ശ്യാം പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് പട്രോളിങ് ശക്തമാക്കണമെന്നും പുനരധിവാസ പദ്ധതി വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.