കബനി കടന്ന് കാട്ടാനകൾ, കർഷക നെഞ്ചിൽ തീ
text_fieldsപുൽപള്ളി: കബനി കടന്ന് കേരള തീരത്തെത്തിയ കാട്ടാനകൾ കർഷകരുടെയുള്ളിൽ കനലെരിയിക്കുന്നു. വ്യാഴാഴ്ചയെത്തിയ കാട്ടാനകളെ നാട്ടുകാരും വനപാലകരും ചേർന്ന് തുരത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലാണ് കർണാടക വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനകൾ വ്യാഴാഴ്ച പുലർച്ചെ എത്തിയത്.
ഏറെ നേരത്തെ പ്രയത്നങ്ങൾക്കൊടുവിലാണ് രണ്ട് കൊമ്പനാനകളെ തിരികെ വനത്തിലേക്ക് കടത്തിവിട്ടത്.ബൈരക്കുപ്പക്കടുത്ത കർണാടക വനത്തിൽ നിന്നാണ് കാട്ടാനകൾ കബനി കടന്ന് മരക്കടവിലെ തുരുത്തിലെത്തിയത്. ആനകൾ കബനി കടന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നത് മറുകരയിലുള്ളവർ തടഞ്ഞു.
പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചും ആനകൾ തിരികെ എത്താതിരിക്കാൻ ശ്രമിച്ചു. പുഴയുടെ നടുവിലെത്തിയ ആനകൾ വീണ്ടും കേരളതീരത്തേക്കുതന്നെ പിന്നീടെത്തി. വനപാലകരും നാട്ടുകാരും തുരുത്തിൽ എത്തിയ കാട്ടുകൊമ്പൻമാരെ പടക്കം പൊട്ടിച്ചും മറ്റും തിരികെ കർണാടകയിലേക്കു തന്നെ കയറ്റി വിട്ടു.
ഈ പ്രദേശത്ത് ഫെൻസിങ് ഫലപ്രദമല്ലാത്തതാണ് ആനകൾ കേരള തീരത്തേക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലത്തിന് മുമ്പ് പ്രദേശത്തെ ഫെൻസിങ് കാര്യക്ഷമമാക്കിയില്ലെങ്കിൽ ആനകൾ വീണ്ടും ഈ ഭാഗത്തേക്ക് എത്തുമെന്ന് പഞ്ചായത്ത് അംഗം ജോസ് നെല്ലേടം പറഞ്ഞു. തൂക്ക് ഫെൻസിങ്ങിന്റെ തൂണുകൾ ചവിട്ടി മറിച്ചാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് വരുന്നത്. വ്യാപക കൃഷിനാശമാണ് കാട്ടാനകൾ വരുത്തുന്നത്. ആനശല്യം മൂലം പലരും കൃഷി ഉപേക്ഷിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.