കുറിച്ചിപ്പറ്റയിൽ കാട്ടാന കട തകർത്തു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപുൽപള്ളി: കുറിച്ചിപ്പറ്റയിൽ കാട്ടാന കട തകർത്തു. കടയുടമയടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച പുലർച്ച ആറിനാണ് സംഭവം. പുത്തനാറയിൽ ഷൈലേഷിന്റെ പലചരക്ക് കടയുടെ ഷട്ടറാണ് ആന ആദ്യം തകർത്തത്. വീട്ടുമുറ്റത്തെ പട്ടിക്കൂടും ആന നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
രാവിലെ കടതുറക്കാൻ എത്തിയ ഷൈലേഷ് വരാന്ത അടിച്ചുവാരുന്നതിനിടെയാണ് കാട്ടാന പാഞ്ഞടുത്തത്. പുൽപള്ളി- മാനന്തവാടി റൂട്ടിലൂടെ ഓടി വന്ന കാട്ടാനയെ കണ്ട് ഷൈലേഷും രാവിലെ നടക്കാനിറങ്ങിയ ആളുകളും കെട്ടിടത്തിന് മുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കലിയടങ്ങാത്ത കാട്ടുകൊമ്പൻ ആദ്യം കടയുടെ ഷട്ടർ തകർത്തു.
പിന്നീട് വീട്ടുമുറ്റത്തെ പട്ടിക്കൂടും നശിപ്പിച്ചു. ഏറെ നേരം ഭീതി പരത്തിയ ശേഷമാണ് ഇവിടെ നിന്നും കാട്ടാന പോയത്. സംഭവമറിഞ്ഞ് വനപാലകരടക്കം ഇവിടെ എത്തി. വൈകീട്ട് വനപാലകർ സ്ഥലത്തെത്തി കാട്ടാനശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നാട്ടുകാരുമായി ചർച്ച നടത്തി. കട തകർത്ത സംഭവത്തിൽ 25000 രൂപ നഷ്ടപരിഹാകം നൽകും.
പ്രദേശത്ത് വാച്ചർമാരെ നിയമിക്കാനും ഫെൻസിങ് സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുറിച്ചിപ്പറ്റയിൽ രാപ്പകൽ ഭേദമന്യേ കാട്ടാനശല്യം രൂക്ഷമാണ്.
സമീപകാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വനസംരക്ഷണ വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ പോൾ മരണപ്പെട്ടിരുന്നു. ഈ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കുറിച്ചിപ്പറ്റയും. നിത്യവും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമാണ് ഉണ്ടാക്കുന്നത്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് ആനശല്യം വർധിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.