മൂഴിമലയിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് പരിക്ക്, വൻകൃഷിനാശം
text_fieldsപുൽപള്ളി: തിങ്കളാഴ്ച പുലർച്ച മൂഴിമലയിൽ കൃഷിയിടത്തിൽ കടന്ന കാട്ടാനകൾ ആക്രമിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്ക്. കോതാട്ടുകാലായിൽ ബാബു, വേട്ടക്കുന്നേൽ സെലിൻ എന്നിവർക്കാണ് പരിക്കേറ്റത്.
കൃഷിയിടത്തിൽ ആന കയറിയത് അറിയാതെ വീടിന് പുറത്ത് ഇറങ്ങിയവരെയാണ് കാട്ടാനകൾ ആക്രമിച്ചത്.
ആന കൃഷിയിടത്തിലിറങ്ങിയെന്ന് പുലർച്ച സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് വീടിനു പുറത്തിറങ്ങിയ ബാബു വീടിന് സമീപത്തുകൂടി രണ്ട് ആനകൾ പോകുന്നതു കണ്ട് അതിനു പിറകെ നടക്കുമ്പോഴാണ് ഈ കൂട്ടത്തിലുണ്ടായിരുന്ന കൊമ്പനാന ഇയാൾക്കു പിറകെ എത്തിയത്. ആനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കൊമ്പൻ പിന്നിൽനിന്ന് വന്നത് ബാബു കണ്ടില്ല.
ആനയുടെ മുമ്പിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ ബാബുവിന്റെ കാലുകൾക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ആന ബാബുവിനെ ഓടിക്കുന്നതു കണ്ട പരിസരവാസികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയായിരുന്നു. ഇതുകൊണ്ടുമാത്രമാണ് ആന ഇയാളെ ആക്രമിക്കാതെ പോയത്.
ശബ്ദം കേട്ട് പരിസരവാസികളായ ജോസുകുഞ്ഞും ഭാര്യ സെലിനും വീടിനു പുറത്തിറങ്ങി സമീപത്തെ റോഡിൽ രണ്ടാനകൾ കൃഷിയിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു.
ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽനിന്ന് മറ്റൊരു കൊമ്പനാന തങ്ങൾക്കുനേരെ വരുന്നത് ഇവരറിഞ്ഞില്ല. ഈ ആനയാണ് ദമ്പതികളെ ഓടിച്ചത്. ഓടുന്നതിനിടയിൽ വീണാണ് സെലിന് പരിക്കേറ്റത്. സെലിൻ ആനയുടെ മുന്നിൽനിന്ന് നിസ്സാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാനകൾ ഈ മേഖലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ച ആറിനാണ് പ്രദേശത്ത് ആനകളിറങ്ങിയത്. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ ആനകൾ വലിയ നാശനഷ്ടങ്ങൾ വരുത്തി. ബേബി കോതാട്ടുകാലായിൽ, ഭാസ്കരൻ കുടിലിൽ, ഓമന കുടിലിൽ, ബിനു പേരുക്കുന്നേൽ തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ നൂറുകണക്കിനു വാഴകൾ, തെങ്ങ്, കമുക് തുടങ്ങിയ വിളകൾ ആനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചു.
ഏതാനും മാസങ്ങൾക്കു മുമ്പ് ഇവിടെ ഒരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. ഈ മേഖലയിൽ വനാതിർത്തിയിലെ പ്രതിരോധ കിടങ്ങുകളും വൈദ്യുതവേലികളുമൊന്നും പ്രവർത്തനക്ഷമമല്ല.
ഇത് ആനകൾക്ക് നിർബാധം കൃഷിയിടങ്ങളിൽ കയറാൻ സഹായകമാകുന്നു.
വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.