കാട്ടാനകളിറങ്ങിയാലെന്തു കാട്ടാനാ!
text_fieldsപാതിരി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം
പുൽപള്ളി: പാതിരി പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. നിലവിൽ ഇവിടെ ഫെൻസിങ് സിംഗിൾ ലൈനാണ്. അത് മാറ്റി ശാശ്വത പരിഹാരമായി തൂക്ക് ഫെൻസിങ് നിർമിക്കണമെന്നാണ് ആവശ്യം. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഇതിനടുത്തു വരെ തൂക്ക് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. പാതിരി, കുടിയാൻമല ഭാഗത്തേക്ക് ഇത് നീട്ടണമെന്നുളള പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രദേശത്ത് കാട്ടാന വ്യാപകമായി കൃഷി നാശം ഉണ്ടാക്കുന്നുണ്ട്.
ഈ പ്രദേശത്ത് സ്ഥിരമായി വാച്ചർമാരെ വേണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും ഫലമില്ല. നിരപ്പേൽ കുര്യൻ, ലിജോ ജോൺ മൂലക്കാട്ട്, ഉണ്ണി കൃഷ്ണൻ, ലോഹിതദാസ്, സൈമൺ കണ്ണാനപ്പടവിൽ, മണി ഊരാളിപ്പാടി എന്നിവരുൾപ്പെടെയുള്ള മുപ്പതോളം കർഷകരുടെ കൃഷിയാണ് ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വാർഡ് മെംബർ പി.എസ്. കലേഷ് ആവശ്യപ്പെട്ടു.
കുന്നമ്പറ്റ മേഖലയിൽ ‘വിളവെടുത്ത്’ കാട്ടാനകൾ
മേപ്പാടി: കുന്നമ്പറ്റയിലെ ജനവാസ മേഖലയിൽ കാട്ടാനകൾ വിഹരിക്കുന്നു. കർഷകർ നടത്തുന്ന കൃഷികളുടെ ‘വിളവെടുപ്പ്’ നടത്തുന്നത് കാട്ടാനകളെന്ന് ആക്ഷേപം. വാഴ, തെങ്ങ്, കമുക്, കാപ്പിച്ചെടി തുടങ്ങി എല്ലാ കൃഷികളും വ്യാപകമായി കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു. കിഴക്കേക്കരയിൽ കർഷകനായ ലിറാറിന്റെ 200 നേന്ത്രവായാകളാണ് ഒറ്റ രാത്രി കൊണ്ട് ആനകൾ ചവിട്ടിമെതിച്ചത്. ഇതു പോലെ വിളകൾ നശിപ്പിക്കപ്പെട്ട നിരവധി കർഷകർ പ്രദേശത്തുണ്ട്.
സന്ധ്യയായാൽ കാട്ടാനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നു. അതിനാൽ രാത്രികാലങ്ങളിൽ ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്. ചെമ്പ്ര വനമേഖലയിൽ നിന്നാണ് കാട്ടാനകൾ കൂട്ടമായി നാട്ടിലേക്കെത്തുന്നത്. ഇതുതടയാൻ വനാതിർത്തിയിൽ വൈദ്യുതി ഫെൻസിങ് അടക്കമുള്ള പ്രതിരോധ നടപടികൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ജനവാസ കേന്ദ്രങ്ങളിൽ ആനകളിറങ്ങുന്നത് ഭീതി പടർത്തുന്നു.
സിത്താറം വയൽ, എട്ടാം നമ്പർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന പുലർച്ച സമയങ്ങളിൽ ഇറങ്ങുന്നത് മദ്റസ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.