കബനി കടന്ന് കാട്ടാനക്കൂട്ടം; ജനം ആശങ്കയിൽ
text_fieldsപുൽപള്ളി: കബനി കടന്ന് കേരള അതിർത്തി ഗ്രാമങ്ങളിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.
അതിർത്തി പ്രദേശങ്ങളായ കൊളവള്ളി മുതൽ പെരിക്കല്ലൂർ വരെയുള്ള പ്രദേശങ്ങളിൽ നെൽകൃഷി നടത്തിയ കർഷകർക്കാണ് ദുരിതം.
സമീപകാലത്ത് പുഴയോരം കേന്ദ്രീകരിച്ച് വന്യജീവി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തൂക്ക് ഫെൻസിങ്ങാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വയൽ കൃഷി ആരംഭിക്കുന്നതോടെ കർണാടകയിൽനിന്ന് കാട്ടാനകൾ കൂട്ടത്തോടെ കേരള അതിർത്തി ഗ്രാമങ്ങളിലേക്ക് എത്താറുണ്ട്. പലയിടങ്ങളിലും തൂക്ക് ഫെൻസിങ് തകർത്താണ് ആനകൾ കൃഷിയിടത്തിലിറങ്ങി നാശം വിതക്കുന്നത്. മുൻ വർഷങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങളുണ്ടായി.
പാടങ്ങളിലെല്ലാം നെൽച്ചെടികൾ കതിരണിഞ്ഞ് നിൽക്കുകയാണ്. ഇനി വിളവെടുപ്പ് കാലം വരെ കർഷകർ കാവലിരുന്നും മറ്റുമാണ് കൃഷി സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കബനിയും കന്നാരം പുഴയും കടന്ന് കൊളവള്ളിയിലെ പാടങ്ങൾക്കടുത്തുവരെ കാട്ടാനകൾ എത്തിയിരുന്നു.
കർണാടക വനത്തിൽനിന്ന് ആനയിറങ്ങി കൃഷി നശിപ്പിച്ചാൽ കർഷകർക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല. ഫെൻസിങ്ങിന് മുകളിലേക്ക് കാട്ടുചെടികൾ പടർന്നുകിടക്കുന്നതുകാരണം വൈദ്യുതി പ്രവാഹം നിലക്കാൻ കാരണമാകുന്നുണ്ട്.
ഫെൻസിങ്ങിന്റെ സംരക്ഷണത്തിന് നടപടിയുണ്ടായില്ലെങ്കിൽ ഇത്തവണയും വന്യജീവിശല്യം രൂക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.