കാട്ടാനകൾ വഴിമുടക്കി; നേപ്പാൾ യുവതി ആംബുലൻസിൽ പ്രസവിച്ചു
text_fieldsപുൽപള്ളി: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാട്ടാനകൾ വഴിമുടക്കിയതോടെ നേപ്പാൾ യുവതി ആംബുലൻസിൽ പ്രസവിച്ചു. ആശുപത്രിയിലെത്താൻ വൈകിയതോടെ പ്രസവവേദന കൂടിയതിനെത്തുടർന്ന് ആംബുലൻസ് വഴിയോരത്ത് നിർത്തിയിട്ടാണ് സുഖപ്രസവത്തിന് വഴിയൊരുക്കിയത്.
പുൽപള്ളി ആലൂർകുന്നിലെ സ്വകാര്യ ഫാമിലെ ജീവനക്കാരിയായ ലക്ഷ്മിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഒരു വർഷമായി നേപ്പാൾ സ്വദേശികളായ ലക്ഷ്മിയും ഭർത്താവ് സൂര്യയും സ്വകാര്യ ഫാമിലാണ് ജോലി ചെയ്യുന്നത്. ലക്ഷ്മിയുടെ രണ്ടാമത്തെ പ്രസവമാണിത്.
ഗർഭിണിയായശേഷം സമീപത്തെ പാക്കം പി.എച്ച്.സിയിലും പുൽപള്ളി സി.എച്ച്.സിയിലുമാണ് പരിശോധനകൾ നടത്തിയിരുന്നത്. പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രസവസൗകര്യമില്ലെന്നു പറഞ്ഞ് ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 9.30ഓടെ ലക്ഷ്മിക്ക് പ്രസവവേദന ആരംഭിച്ചയുടൻ പുൽപള്ളി താഴെ അങ്ങാടിയിലെ മേരി മെമ്മോറിയൽ ആംബുലൻസ് ഉടമ സജിയുടെ ഡ്രൈവറായ ഫീനിക്സ് ആംബുലൻസുമായി എത്തി. ഉടൻ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. എന്നാൽ, പാക്കം വനമേഖലയിൽ വെച്ച് കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചതോടെ വഴിയടഞ്ഞു.
അരമണിക്കൂറോളം കാത്തുനിന്നശേഷമാണ് ആംബുലൻസിന് പോകാനായത്. ഇതിനിടയിൽ പ്രസവവേദന കൂടി. പയ്യമ്പള്ളി കഴിഞ്ഞപ്പോഴേക്കും ലക്ഷ്മിക്ക് വേദന കൂടിയതോടെ ഫീനിക്സ് ആംബുലൻസ് വഴിയോരത്ത് നിർത്തി.
തുടർന്ന് ലക്ഷ്മിയോടൊപ്പമുണ്ടായിരുന്ന തൊഴിലുടമയുടെ ഭാര്യ ഓമനയുടെയും പിന്നാലെ ജീപ്പിലെത്തിയ സ്ത്രീയുടെയും സഹായത്തോടെ സുഖപ്രസവം നടന്നു. പിന്നീട് ലക്ഷ്മിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ആംബുലൻസിൽ പ്രസവിച്ചെങ്കിലും ലക്ഷ്മിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന ആശ്വാസത്തിലാണ് കൂടെയുണ്ടായിരുന്നവർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.