വന്യജീവി ആക്രമണം രൂക്ഷമായ ഇരുളത്ത് ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചു
text_fieldsപുൽപള്ളി: വന്യജീവി ശല്യം രൂക്ഷമായ ഇരുളത്ത് ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചു. ഇരുളം ടൗണിലേക്ക് പ്രവേശിക്കുന്ന ജങ്ഷനിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് തകരാറിലായത്.
വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പൂതാടി പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നാണ് ഇരുളം. ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലത്താണ് തെരുവു വിളക്കുകൾ തകരാറിലായിരിക്കുന്നത്. രാത്രിയിൽ നിരവധി ദീർഘദൂര ബസ് സർവിസുകൾ ഈ വഴി കടന്നുപോകുന്നുണ്ട്.
ബസിൽ യാത്ര ചെയ്യുന്നതിനും ബസിറങ്ങുന്നതിനുമെല്ലാം രാത്രി എട്ടു കഴിഞ്ഞാൽ ഭയത്തോടെയാണ് ജനങ്ങൾ ഇവിടെ നിൽക്കുന്നത്. ആനയുടെ ശല്യം രൂക്ഷമായതോടെ രാത്രി ഒമ്പതു മണിയാകുന്നതോടെ ഓട്ടോറിക്ഷക്കാരും ഇവിടെ ഉണ്ടാകാറില്ല. ഫോറസ്റ്റ് ഓഫിസിനോട് ചേർന്ന സ്ഥലത്താണ് ആനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പുലർച്ചെ ബസ് കാത്തുനിന്നവരുടെ നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു.
പെട്ടിക്കടക്കുള്ളിലേക്ക് ഓടി ക്കയറിയാണ് ഇവർ രക്ഷപ്പെട്ടത്. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിനും ആനശല്യത്തിന് പരിഹാരം ഉണ്ടാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.