കാട്ടാന കടുവ പുലി... അവസാനമില്ലാതെ വന്യജീവി ആക്രമണം
text_fieldsപുൽപള്ളി: പിതാവിന്റെ മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർക്ക് പരിക്കേറ്റതിന്റെ ഞെട്ടലിലാണ് വനത്തോട് ചേർന്നുള്ള ചേകാടി ഗ്രാമത്തിലുള്ളവർ. പുൽപള്ളി ചേകാടി വിലങ്ങാടി ഊരാളി കോളനിയിലെ ബാലൻ (45), സഹോദരനായ സുകുമാരൻ (40) എന്നിവർ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
ബാലന്റെ ഇരുചെവികൾക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആക്രമണത്തിന്റെ ആഘാതത്തിൽനിന്ന് മോചിതരായിട്ടില്ല. പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ തോമസ് മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് മരിയനാട് ഭൂസമരകേന്ദ്രത്തിൽ കടുവയുടെ ആക്രമണത്തിൽനിന്ന് യുവാവ് മരത്തിൽ കയറി രക്ഷപ്പെട്ട സംഭവം ഉണ്ടായത്.
ഇതിനുപിന്നാലെയാണിപ്പോൾ ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. വനത്തോട് ചേർന്നുള്ള ചേകാടിയിൽ കാട്ടാനുകളുടെ സാന്നിധ്യം പതിവാണ്. നെൽവയലുകളിലിറങ്ങുന്ന കാട്ടാനകൾ പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തുന്നതും പതിവാണ്.
എന്നാൽ, ആളുകൾക്കുനേരെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികളുടെ ഭീതി ഏറിയിരിക്കുകയാണ്. ജില്ലയിൽ വനാതിർത്തി മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും ഒരുപോലെ കാട്ടാന, കടുവ, പുലിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം പതിവാകുമ്പോഴും ഇതിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നതാണ് യഥാർഥ്യം.
ഓരോ തവണയും അപകടങ്ങളുണ്ടാകുമ്പോൾ ചർച്ച നടത്തിപ്പോവുന്നതല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് ഒരുവിലയും അധികൃതർ കൽപിക്കുന്നില്ല. അമ്പലവയലിലെ പൊൻമുടിക്കോട്ടയിൽ ഇപ്പോഴും കടുവ ഭീതി അകന്നിട്ടില്ല. ഓരോ ദിവസവും ഒരോ സ്ഥലത്തുനിന്നും വന്യമൃഗങ്ങളുടെ ആക്രമണ വാർത്തവരുമ്പോഴും ഒന്നും ചെയ്യാനാകാതെ നിസ്സഹായതയിലാണ് ഇന്നാട്ടുകാർ.
അമ്പുകുത്തിയിൽ കടുവ ആടുകളെ കൊന്നു; സമരത്തിനൊരുങ്ങി നാട്ടുകാർ
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തിയിൽ കടുവ ആടുകളെ കൊന്നു. പള്ളിശ്ശേരി ലീലയുടെ വീട്ടിൽ കൂട്ടിൽ കെട്ടിയിരുന്ന രണ്ടു ആടുകളെയാണ് ബുധനാഴ്ച വെളുപ്പിന് കടുവ കൊന്നു തിന്നത്.
ആടുകളിൽ ഒന്നു ഗർഭിണിയായിരുന്നു. ആടുകളെ കൊന്നത് കടുവയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏതാനും മാസങ്ങളായി പ്രദേശത്ത് കടുവശല്യം രൂക്ഷമാണ്. പൊൻമുടിക്കോട്ട ഭാഗത്ത് കടുവ എത്തുന്നത് പതിവായിട്ടുണ്ട്. സമീപത്തെ കുപ്പമുടി എസ്റ്റേറ്റിൽ കടുവ തങ്ങുന്നതായി സൂചനയുണ്ട്. എസ്റ്റേറ്റിൽ രണ്ടിടത്തു കൂടുസ്ഥാപിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
അമ്പുകുത്തി സ്കൂളിനു സമീപം ശനിയാഴ്ച കടുവ ആടിനെ ആക്രമിച്ചിരുന്നു. കടുവകളെ കൂടാതെ പുലിയും സ്ഥലത്തുണ്ടെന്നാണ് ചില പ്രദേശവാസികൾ പറയുന്നത്. ആടുകളെ ആക്രമിച്ചത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊൻമുടിക്കോട്ട, കുപ്പക്കൊല്ലി, കുപ്പമുടി ഭാഗത്തെ നാട്ടുകാർ കഴിഞ്ഞ ദിവസം ആക്ഷൻ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പൊതുയോഗം നടത്തി.
ഡി.എഫ്.ഒ ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കടുവകളെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടിയില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്. ദിവസങ്ങളായി കടുവയുടെ ഭീതിയിലായ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
നീർവാരത്തും കാട്ടാനയുടെ വിളയാട്ടം
പനമരം: നീർവാരം അമ്മാനി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി. തിങ്കളാഴ്ച രാത്രി പ്രദേശത്തെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴ കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു. രാവിലെ പശുവിനെ കറക്കാൻ ഇറങ്ങിയ സുകുമാരനാണ് ആനയെ കണ്ടത്. ആനയുടെ ആക്രമണത്തിൽ നിന്നു അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലൂക്ക് സെക്രട്ടറി എം.വി. ജോസഫ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി നിസാർ എന്നിവർ സ്ഥലത്തെത്തിയ ഡെപ്യൂട്ടി റേഞ്ചർ ഷാജിയുമായി ചർച്ച നടത്തി.
ആനയിറങ്ങുന്ന സ്ഥലങ്ങളിൽ സോളാർ ഫെൻസിങ് ശക്തിപ്പെടുത്താനും കൂടുതൽ ബാറ്ററികൾ സ്ഥാപിക്കാനും തീരുമാനമായി. സുസ്ഥിരമായ ഫെൻസിങ് പൂർത്തിയാക്കാൻ വേണ്ട നടപടിക്രമങ്ങൾ ഊർജിതപ്പെടുത്തുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.