പുൽപ്പള്ളി മേഖലയിലും വന്യജീവി ശല്യം രൂക്ഷം
text_fieldsപുൽപ്പള്ളി: മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യജീവികൾ ഉണ്ടാക്കുന്ന നാശങ്ങൾ അനുദിനം വർധിക്കുന്നു. കർണാടക അതിർത്തി മേഖലകളിലടക്കം കാട്ടാന, കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ് തുടങ്ങിയവയുടെ ശല്യം രൂക്ഷമാണ്. കർണാടക വനാതിർത്തി കടന്നെത്തുന്ന വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും നൽകുന്നില്ല. പെരിക്കല്ലൂർ മുതൽ വണ്ടിക്കടവ് വരെ 75 ലക്ഷം രൂപ ചെലവിൽ തൂക്കുവേലി നിർമിച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും ഇവ തകർത്താണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്.
പുൽപ്പള്ളി പഞ്ചായത്തിലെ വേലിയമ്പം ഭാഗത്ത് നിത്യവും ആനയിറങ്ങി വൻ നാശമാണ് ഉണ്ടാക്കുന്നത്. വനാതിർത്തി പ്രദേശത്ത് സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകർന്നടിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം കാപ്പിക്കുന്നിൽ വനംവകുപ്പ് സ്ഥാപിച്ച പ്രതിരോധ ഗേറ്റ് കാട്ടാന തകർത്തു. ഗേറ്റ് പുന:സ്ഥാപിക്കാത്തതിനാൽ ഇപ്പോൾ എല്ലാ ദിവസങ്ങളിലും കാട്ടാന നാട്ടിലേക്കിറങ്ങുന്നു. ആദിവാസി കുടുംബങ്ങളാണ് കാപ്പിക്കുന്നിനടുത്ത മേലേകാപ്പ് കോളനിയിൽ ഉള്ളത്. ഇവർക്ക് സന്ധ്യമയങ്ങുന്നതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ് എന്നിവ നാട്ടിലെ പലതോട്ടങ്ങളിലും തമ്പടിച്ചിരിക്കുകയാണ്. കാടുമൂടിക്കിടക്കുന്ന ഹെക്ടർ കണക്കിന് സ്ഥലം പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലുണ്ട്. രണ്ടാഴ്ച മുമ്പ് കടുവയിറങ്ങി മൂന്ന് സ്ഥലങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഇത്തരത്തിൽ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് കടുവയടക്കം തമ്പടിക്കുന്നത്.
ഇതിനുമുമ്പും ഇത്തരത്തിൽ കടുവ പ്രദേശത്ത് ഇറങ്ങിയിട്ടുണ്ട്. അന്നും ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലാണ് കടുവയെ കണ്ടെത്തിയത്. വന്യമൃഗശല്യം തടയുന്നതിന് പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. മതിയായ നഷ്ടപരിഹാരവും നൽകുന്നില്ല. ഒരാഴ്ച മുമ്പ് പാളക്കൊല്ലിയിൽ വീടിനു മുന്നിലെ മതിൽ കാട്ടാന തകർത്തിരുന്നു. പുതുതായി നിർമിച്ച മതിലിന് ആറായിരം രൂപയിൽ താഴെ മാത്രമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഉദയക്കരയിൽ തകർന്നുകിടക്കുന്ന വനംവകുപ്പിന്റെ ഗേറ്റ് കടന്നാണ് കാട്ടാനകൾ ജനവാസ മേഖലകളിലെത്തുന്നത്. പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയിലും വന്യജീവികൾ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. മഴക്കാലം തുടങ്ങുന്നതോടെ വന്യജീവികളുടെ ശല്യവും വർധിക്കും. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നെങ്കിലും പരിഹാരം മാത്രം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.