പശുക്കളെ വാങ്ങാം, കിടാരി പാർക്കിൽനിന്ന്
text_fieldsപുൽപള്ളി: പുൽപള്ളി ക്ഷീരസംഘത്തിൽ കിടാരി പാർക്ക് ആരംഭിക്കുന്നു. ജില്ലക്ക് അനുവദിച്ച ഏക കിടാരി പാർക്ക് വയനാട്ടിലെ ക്ഷീരമേഖലക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. പാർക്കിന്റെ ഉദ്ഘാടനം 22ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ക്ഷീരകർഷകർക്ക് മുന്തിയ ഇനം പശുക്കളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷീരവികസന വകുപ്പ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
അത്യുൽപാദനശേഷിയുള്ള പശുക്കളെ വാങ്ങാൻ ജില്ലയിലെ ക്ഷീരകർഷകർ അയൽസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇനിമുതൽ ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയോടുകൂടിയുള്ള പദ്ധതികൾ മുഖേന കർഷകർക്ക് കിടാരി പാർക്ക് വഴി പശുക്കളെ സ്വന്തമാക്കാം. സംസ്ഥാനത്ത് ഇത് നാലാമത്തെ കിടാരി പാർക്കാണ്. വയനാട് ജില്ലയിൽ ആദ്യത്തേതും. ഇവിടെ 50 കിടാരികളെ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.
ആവശ്യക്കാർക്ക് രജിസ്റ്റർ ചെയ്ത് ഇവയെ സ്വന്തമാക്കാം. 22ന് രാവിലെ 11ന് പുൽപള്ളി ആനപ്പാറ ചില്ലിങ് പ്ലാന്റിലാണ് ഉദ്ഘാടന ചടങ്ങ്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ് കുമാർ ആമുഖപ്രഭാഷണം നടത്തും. മികച്ച കർഷകരെ സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ആദരിക്കും. സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, സെക്രട്ടറി എം.ആർ. ലതിക, ഡയറക്ടർ ടി.ജെ. ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.