രാഹുൽ ഗാന്ധി കുറുക്കന്മൂല സന്ദർശിച്ചേക്കും
text_fieldsമാനന്തവാടി: കടുവശല്യം രൂക്ഷമായ കുറുക്കന്മൂലയിൽ രാഹുൽ ഗാന്ധി എം.പി സന്ദർശനം നടത്തിയേക്കും. നിശ്ചയിച്ച പരിപാടിയിൽ കുറുക്കന്മൂല സന്ദർശനം ഇല്ലെങ്കിലും ജനവികാരം മാനിച്ച് പ്രദേശം സന്ദർശിച്ച് ജനങ്ങളുമായി സംസാരിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശ്നം ഗൗരവമായി എടുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
സംസ്ഥാന സർക്കാറിെൻറ അലംഭാവത്തിലും കടുവക്ക് കൂട് വെക്കാൻ വൈകിയതിലും പ്രതിഷേധിച്ചും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ അനിശ്ചിത കാല റിലേ സത്യഗ്രഹം നടത്തിവരുകയാണ്. പ്രതിഷേധത്തിെൻറ കാര്യത്തിൽ വിവിധ പാർട്ടികളും സംഘടനകളും മത്സരിക്കുന്ന സാഹചര്യവുമുണ്ട്. ഈ ഘട്ടത്തിൽ വയനാട്ടിൽ മറ്റു പരിപാടികളിൽ മാത്രം പങ്കെടുത്ത് രാഹുൽ കുറുക്കന്മൂല സന്ദർശിക്കാതെ പോയാൽ യു.ഡി.എഫ് സമരത്തിൽ നേടിയ മേൽക്കൈ ഇല്ലാതാകുമെന്നാണ് നേതാക്കൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുള്ളത്.
വയനാട്ടിലെത്തിയ മന്ത്രിമാർ പ്രദേശം സന്ദർശിക്കാതെ മടങ്ങിയതും സ്ഥലം എം.എൽ.എ സ്വന്തം മണ്ഡലത്തിലെ വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ ആദ്യ ദിവസങ്ങളിൽ എത്താതിരുന്നതും ആരോപണങ്ങളും രാഷ്ട്രീയ വിഷയവുമായി യു.ഡി.എഫ് ഉയർത്തിക്കാട്ടിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് വിഷയത്തിൽ രാഹുൽ ഗാന്ധി എം.പി സ്ഥലം സന്ദർശിച്ച് കർഷകരുമായി സംസാരിച്ച് വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.
കല്പറ്റ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുല്‍, എം.പി ബുധനാഴ്ച ജില്ലയിലെത്തും. രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തില്‍ മുന്‍ തിരുവമ്പാടി എം.എൽ.എ സി. മോയിന്‍കുട്ടി അനുസ്മരണ സമ്മേളനത്തിൽ സംബന്ധിച്ചതിനു ശേഷം ഉച്ചയോടെ ജില്ലയിലെത്തും. രണ്ടുമണിക്ക് കലക്ടറേറ്റില്‍ ചേരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗമായ 'ദിശ'യില്‍ പങ്കെടുക്കും.
3.40ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍. എയുടെ കല്പറ്റയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യും. 4.40ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ സ്കീമില്‍ ഉള്‍പ്പെടുത്തി നിർമിച്ച അച്ചൂര് (അത്തിമൂല)-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എം.പി നിർവഹിക്കും.
23ന് രാവിലെ 11.15ന് പുല്പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം 'വിനോദ് യുവജന സമുച്ചയം' ഉദ്ഘാടനം ചെയ്യും. 12.15ന് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനു ശേഷം രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക് തിരിക്കും. വൈകീട്ട് 4.30ന് താമരശ്ശേരി ബിഷപ് ഹൗസില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും. 5.45ന് മുക്കം അഗസ്ത്യമുഴി സെൻറ് ജോസഫ് ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റൻറ്സ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.