മാനം തെളിഞ്ഞു; കൃഷിനാശം വിലയിരുത്താൻ പ്രത്യേക സംഘം
text_fieldsകൽപറ്റ: രണ്ടാഴ്ചയിലധികമായി അനുഭവപ്പെടുന്ന പ്രകൃതി ക്ഷോഭത്തിൽ ജില്ലയിൽ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തൽസ്ഥിതി റിപ്പോർട്ട് ചെയ്യുന്നതിനും മറ്റു നടപടികൾ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കർഷകർക്ക് അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ നിർദേശം നൽകുന്നതിന് കൃഷി ഉദ്യോഗസ്ഥർ ഏത് സമയത്തും സജ്ജരായിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സംഘത്തിന് ആവശ്യമായ നിർദേശം നല്കാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് ജില്ലയിൽ പ്രത്യേക സംഘത്തെ കൃഷി നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി നിയോഗിച്ചിരുന്നു.
വയനാട്ടിൽ കനത്ത മഴയെതുടർന്ന് നിരവധി വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. കൃഷിയിടങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യമാണ്. ജൂലൈ ഒന്നു മുതൽ ഇതുവരെ വയനാട് ജില്ലയിൽ 3,733 കർഷകർക്കായി 56.5 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ഇതിനിടെ, ദിവസങ്ങൾക്കുശേഷം കനത്ത മഴക്ക് ശമനമായി ചൊവ്വാഴ്ച ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും മാനം തെളിഞ്ഞു. രാവിലെ മുതൽ മഴ മാറി വെയിലുദിച്ചു. ചിലയിടങ്ങളിൽ നേരിയ മഴയുണ്ടായി. തുടർച്ചയായി രണ്ടാഴ്ചയിലധികമായി നീണ്ടുനിന്ന മഴക്കുശേഷമാണ് വെയിലുദിച്ചത്. ചൊവ്വാഴ്ച തൊണ്ടർനാട് മേഖലയിൽ ഒഴിച്ച് ജില്ലയിലെ മറ്റിടങ്ങളിലെല്ലാം മഴ കുറവായിരുന്നു. 21വരെ ജില്ലയിൽ നേരിയ മഴക്ക് സാധ്യതയുള്ള പച്ച ജാഗ്രതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്.
വെള്ളം ഇറങ്ങി തുടങ്ങിയതോടെ വിവിധ ക്യാമ്പുകളിൽനിന്നായി കൂടുതൽ പേർ വീടുകളിലേക്ക് മടങ്ങി. ചൊവ്വാഴ്ച മാനന്തവാടി താലൂക്കിലെ പനമരം ജി.എച്ച്.എസ്, പേരിയ ജി.യു.പി.എസ്, പുളിഞ്ഞാൽ ജി.എച്ച്.എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലായുള്ള 336 പേർ വീടുകളിലേക്ക് മടങ്ങി. ഇതോടെ ഇവിടത്തെ ക്യാമ്പുകൾ നിർത്തി. നിലവിൽ വൈത്തിരി താലൂക്കിലെ പത്തു ക്യാമ്പുകളിലായി 282 പേരാണ് കഴിയുന്നത്. മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ ക്യാമ്പുകളിലെ ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങി.
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
വൈത്തിരി: കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരുന്ന പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം വ്യാഴാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറക്കും. ചെമ്പ്ര പീക്ക് ട്രക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. സൂചിപ്പാറ വെള്ളച്ചാട്ടവും വ്യാഴാഴ്ച വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. മുനീശ്വരൻകുന്നിലേക്കുള്ള പ്രവേശനം ബുധനാഴ്ച മുതൽ പുനരാരംഭിക്കുമെന്നു നോർത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.
നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പ് ലഭിച്ചു-എം.എൽ.എ
കല്പറ്റ: ജില്ലയില്‍ കാലവര്‍ഷക്കെടുതിയിൽ കൃഷി നാശം സംഭവിച്ചതുമായി ബന്ധപ്പെട്ട കണക്കെടുത്തശേഷം നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് ഉറപ്പുനൽകിയതായി ടി. സിദ്ധീഖ് എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 150 ഹെക്ടറിലധികം കൃഷി നശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള പ്രാഥമിക കണക്ക് പ്രകാരം നൂറു കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഈ കാലവര്ഷക്കെടുതിയിലുണ്ടായിട്ടുള്ളത്. പ്രത്യേക സംഘത്തെ നിയോഗിച്ച് സാഹചര്യം വിലയിരുത്തി അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നുംകാർഷിക വായ്പകൾക്ക് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുവാനുള്ള നടപടിയെടുക്കണമെന്നും എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.