അതിതീവ്ര മഴക്ക് സാധ്യത: വയനാട്ടിൽ മുൻകരുതൽ നിർദേശങ്ങളുമായി ജില്ല ഭരണകൂടം
text_fieldsകൽപറ്റ: അടുത്ത അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിക്ക് സാധ്യതയുള്ളതിനാൽ വിവിധ മുന്നറിയിപ്പ് നിർദേശങ്ങളാണ് ജനങ്ങൾക്കായി അധികൃതർ പുറപ്പെടുവിച്ചത്.
പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും ഇറങ്ങരുത്. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യത കൂടുതലാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയാറാവണം.
കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെ.എസ്.ഇ.ബിയുടെ 1912 കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നതുവരെ ഒഴിവാക്കുക.
വിനോദസഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസസ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറക്കും
കൽപറ്റ: മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ അഞ്ച് സെ. മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെ.മീ. വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.