റെഡ് അലർട്ട്; വയനാട് ജില്ലയില്‍ ജാഗ്രതാനിർദേശം
text_fieldsകൽപറ്റ: ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ള റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച സാഹചര്യത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍ ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണം. കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളമുയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രതപാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരുകാരണവശാലും പുഴകളോ തോടുകളോ മുറിച്ചുകടക്കാനോ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. പൊതുസ്ഥലത്ത് അപകടഭീഷണിയിലുള്ള മരങ്ങളോ ശിഖരങ്ങളോ ഉള്ളതായി ശ്രദ്ധയിൽപെട്ടാല്‍ ബന്ധപ്പെട്ട വകുപ്പിനെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ അറിയിക്കണം. റിസോര്‍ട്ട്-ഹോംസ്റ്റേ ഉടമകള്‍ ഇവിടങ്ങളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകണം. സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ദുരന്തസാധ്യതാ മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും അത്യാവശ്യ ഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കാൻ ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങളും തയാറാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി.
കൂടുതല്‍ ദുരന്തസാധ്യതയുള്ളതായി കണ്ടെത്തിയ എട്ട് പ്രദേശങ്ങളിലെ 441 കുടുംബങ്ങളെ അടിയന്തര ഘട്ടങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. ജില്ല-താലൂക്ക് കേന്ദ്രങ്ങളില്‍ മഴക്കാല കണ്ട്രോള് റൂം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. അപകടഭീഷണിയില്‍ സ്ഥിതിചെയ്യുന്ന മരങ്ങളും ശിഖിരങ്ങളും മുറിച്ചുമാറ്റാൻ ഉത്തരവ് നല്‍കിയതായും ദുരന്തസാധ്യത ഒഴിവാക്കാൻ ആഗസ്റ്റ് 31വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കാൻ നിരോധനം ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
അവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാം
ജില്ല എമര്‍ജന്‍സി കണ്ട്രോള് റൂം: 04936 - 204151, 8078409770.
താലൂക്ക്തല കണ്ട്രോള് റൂം:
മാനന്തവാടി: 04935-241111, 04935-240231
ബത്തേരി: 04936-223355, 04936-220296
വൈത്തിരി: 04936-255229
അവധി; ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം
കൽപറ്റ: ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് വന്നതിനാല്‍ റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനും ജില്ലയിലെ എല്ലാ റവന്യൂ, തദ്ദേശ വകുപ്പുകളിലെയും ജീവനക്കാരുടെ സേവനം അനിവാര്യമായതിനാല്‍ ജില്ല കലക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കാന്‍ പാടില്ല. അടിയന്തരസാഹചര്യങ്ങളില്‍ അവധിയെടുക്കാൻ ജീവനക്കാര്‍ കലക്ടറുടെ അനുമതി വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.