വീടണയാൻ വഴിയില്ലാതെ നമ്പൂതിരി കോളനി വാസികൾ
text_fieldsപിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ചോലപ്പുറം നമ്പൂതിരി കോളനിക്കാര്‍ പതിറ്റാണ്ടുകളായി തീരാദുരിതം പേറുന്നു. വഴി, കുടിവെള്ളം, വീടുകളുടെ ശോച്യാവസ്ഥ എന്നിവയാണ് കോളനിക്കാർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ.
ആറ് വീടുകളിലായി ഒമ്പത് കുടുംബങ്ങളാണ് നമ്പൂതിരികുന്ന് കോളനിയിൽ താമസിക്കുന്നത്. പണിയ വിഭാഗത്തിൽപ്പെട്ട ഇവർ അസൗകര്യങ്ങൾ മൂലം കടുത്ത ദുരിതത്തിലാണ്. ചോലപ്പുറം പ്രധാന ജങ്ഷനിൽ സ്വകാര്യ വ്യക്തിയുടെ വയലിലൂടെ കുത്തനെയുള്ള കയറ്റംകയറി വേണം കോളനിയിൽ എത്താൻ. വര്‍ഷകാലം തുടങ്ങിയാല്‍ പിന്നെ ഇവർക്ക് ആധിയാണ്.
മുന്നൂറ് മീറ്ററോളം വരുന്ന വഴി, മഴക്കാലം തുടങ്ങുന്നതോടെ ചളിക്കുളമായി മാറും. മുട്ടൊപ്പം ചളിനിറഞ്ഞ വഴിയിലൂടെ നടന്നുവേണം കോളനിയിൽ എത്താൻ. റോഡ് നന്നാക്കിക്കിട്ടാൻ നിരന്തരം അധികൃതരെ കാണുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല.
കോളനിയില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ പെട്ടതുതന്നെ. രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഒരു വാഹനം ഇവിടേക്ക് വരില്ല. മറ്റു പോംവഴിയില്ലാതെ രോഗിയെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. പ്രദേശത്തെ ആകെയുള്ള കിണറിൽ ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്.
കുടിവെള്ളം ഇല്ലാതായതോടെ പ്രയാസത്തിലാണ് പലരും. വീടുകൾ കാലപഴക്കത്താൽ ശോച്യാവസ്ഥയിലായെന്ന് കോളനിക്കാർ പറയുന്നു. നിരന്തരം ബന്ധപ്പെട്ടിട്ടും തങ്ങളുടെ ദുരവസ്ഥ അധികാരികൾ പരിഹരിക്കാത്തതിെൻറ നിരാശയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.