മലബാറിലെ ജലക്കാഴ്ചകൾ നുകരാം; വരുന്നത് റിവർ ക്രൂസ് ടൂറിസം
text_fieldsശ്രീകണ്ഠപുരം: നദികളും നാടൻകലകളും കൈത്തൊഴിലും കൈത്തറിയും ലോകത്തിനുമുന്നിലവതരിപ്പിക്കാൻ തുടങ്ങുന്ന മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ പുരോഗമിക്കുന്നു. ഇതിനായുള്ള കെട്ടിടങ്ങളുടെയും നടപ്പാതയുടെയും നിർമാണം അവസാനഘട്ടത്തിലാണ്.
വളപട്ടണം, കുപ്പം പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളും അനുഭവവേദ്യമാക്കുന്നതിനാണ് 80.37 കോടി ചെലവിൽ റിവർ ക്രൂസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവു വരെ മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ് എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് പുരോഗമിക്കുന്നത്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിലാണ് നിർമാണം നടത്തുന്നത്. ഇവിടെ 3.85 കോടി ചെലവിലാണ് പ്രവൃത്തി നടത്തുന്നത്.
71 ലക്ഷം രൂപയുടെ രണ്ട് ബോട്ട് ജെട്ടികൾ, നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്കോർട്ട്, കരകൗശല ഉൽപന്നങ്ങളുടെ നിർമാണം തത്സമയം കാണാനും ഉൽപന്നങ്ങൾ വാങ്ങുന്നതിനും അഞ്ച് ആർട്ടിഫിഷ്യൽ ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാർഡുകൾ, മുനമ്പ് കടവ് മുതൽ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റ് ഹൗസ്, സൗരോർജ വിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്ക്, രണ്ട് ടോയ്ലറ്റുകൾ എന്നിവയാണ് മലപ്പട്ടം മുനമ്പ് കടവിൽ നിർമിക്കുന്നത്.
ബോട്ട് ജെട്ടി നിർമിക്കുന്നതിന് ഉൾനാടൻ ജലഗതാഗത വകുപ്പിനെയും മറ്റു അനുബന്ധ നിർമാണങ്ങൾക്ക് കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡിനെയുമാണ് (കെ.ഇ.എൽ) ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കെ.ഇ.എൽ നടത്തുന്ന നിർമാണപ്രവൃത്തികളാണ് നിലവിൽ തുടങ്ങിയിട്ടുള്ളത്. ഉൾനാടൻ ജലഗതാഗത വകുപ്പിെൻറ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പുരോഗമിച്ചു വരുന്നു. ഇതു കൂടാതെ മലപ്പട്ടം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ നടപ്പാതയും ഒരുക്കുന്നുണ്ട്.
മലനാട്-മലബാർ റിവർ ക്രൂസ് ടൂറിസം
മലബാറിലെ നദികളുടെ സവിശേഷതകളും നദീതീരങ്ങളിലെ സംസ്കാരങ്ങളും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന വിനോദ വിജ്ഞാന ജലയാത്രയാണ് മലനാട്-മലബാർ റിവർ ക്രൂസ് ടൂറിസം. കാസര്കോട്, കണ്ണൂര് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി നദികളും കാസർകോട് ജില്ലയിലെ തേജസ്വനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായൽ തുടങ്ങിയ ജലാശയങ്ങളും ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുക. മലബാറിൽ മാഹിനദി-മാർഷൽ ആർട്സ് ആൻഡ് കളരി ക്രൂസ്, അഞ്ചരക്കണ്ടി നദി-പഴശ്ശിരാജ ആൻഡ് സ്പൈസസ് ക്രൂസ്, വളപട്ടണം നദി-മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്, ബോർഡ്സ് ആൻഡ് അഗ്രി ക്രൂസ് ആൻഡ് തെയ്യം ക്രൂസ്, കുപ്പം നദി-കണ്ടൽ ക്രൂസ്, പെരുമ്പ നദി-മ്യൂസിക് ക്രൂസ്, കവ്വായി നദിയിലും വലിയപറമ്പ കായലിലും ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് ക്രൂസ്, തേജസ്വിനി നദി-വാട്ടർ സ്പോർട്സ് ആൻഡ് റിവർ ബാത്തിങ് ക്രൂസ്, വലിയപറമ്പ കായലിൽ മോഡൽ റെസ്പോൺസിബ്ൾ വില്ലേജ് ക്രൂസ്, ചന്ദ്രഗിരി നദി-യക്ഷഗാന ക്രൂസ് എന്നീ 11 തീമാറ്റിക് ക്രൂസുകളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുക.
പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ മൂന്ന് ക്രൂസുകളുടെ നടത്തിപ്പിനായി സ്വദേശി ദർശൻ സ്കീമിലുൾപ്പെടുത്തി കേന്ദ്രസർക്കാർ 83.34 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വളപട്ടണം പുഴയിൽനിന്നാരംഭിച്ച് പറശ്ശിനിക്കടവ്-മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള (41.48-കോടി രൂപ) പദ്ധതി, വളപട്ടണത്തുനിന്ന് തെക്കുമ്പാട് വഴി പഴയങ്ങാടിവരെയുള്ള തെയ്യം ക്രൂസ് (19.53 കോടി രൂപ), പഴയങ്ങാടിയിൽ തുടങ്ങി കുപ്പം വരെയുള്ള കണ്ടൽ ക്രൂസ് (18.84 കോടി രൂപ) എന്നിവക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.