കടുവ കൊന്ന പോത്തിന്റെ ജഡവുമായി റോഡ് ഉപരോധം
text_fieldsനടവയൽ: നെയ്ക്കുപ്പയിൽ കടുവ പോത്തിനെ ആക്രമിച്ചുകൊന്ന സംഭവത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ.
കടുവ കൊന്ന പോത്തിന്റെ ജഡവുമായി പുൽപള്ളി - നെയ്ക്കുപ്പ നടവയൽ റോഡും ബീനാച്ചി -പനമരം റോഡും നാട്ടുകാർ ഉപരോധിച്ചു. ചെക്പോസ്റ്റിൽ ഡ്യൂട്ടിയുള്ള രണ്ട് ജീവനക്കാരെ തടഞ്ഞുവെക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് നെയ്ക്കുപ്പ പറപ്പിള്ളിൽ ഷാജിയുടെ പോത്തിനെ കടുവ കൊന്നത്.
വനത്തോടു ചേർന്നുള്ള കൃഷിയിടത്തിൽ മൂന്നുപോത്തുകളെ മേയ്ക്കുന്നതിനിടെയാണ് വനത്തിൽ നിന്നെത്തിയ കടുവ ഷാജിയുടെ മുന്നിൽവെച്ച് ഒരു പോത്തിനെ ആക്രമിച്ചത്. ഷാജിയും ഒപ്പമുണ്ടായിരുന്നവരും ബഹളംവെച്ചതോടെയാണ് കടുവ വനത്തിലേക്ക് കയറിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്ത് കാമറ സ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തതിനെതുടർന്നാണ് നാട്ടുകാർ പോത്തിന്റെ ജഡം ചെക്പോസ്റ്റിൽ എത്തിച്ച് റോഡ് ഉപരോധിച്ചത്. സ്ത്രീകളടക്കം പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കേണിച്ചിറ, പനമരം പൊലീസ് സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ അടക്കമുള്ള ജനപ്രതിനിധികളും എത്തി. ഇതിനിടയിൽ വനം വകുപ്പിലെ ഫോറസ്റ്റർ എത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വൈദ്യുതി വേലി പൂർത്തീകരിക്കുക, പോത്തിന്റെ ഉടമക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, സ്ഥിരമായി വാച്ചർമാരെ കാവൽ നിർത്തുക, ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും പ്രദർശിപ്പിക്കുക, പ്രതിഷേധക്കാരുടെ പേരിൽ വനം വകുപ്പിന് പരാതിയുണ്ടാവരുത് തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാരുടേത്.
ചെക് പോസ്റ്റ് റോഡും ഉപരോധിച്ച് രാവിലെ തുടങ്ങിയ സമരത്തിന് നേരെ അധികൃതർ നിസംഗത കാണിച്ചതിലും ഡി.എഫ്.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉച്ചയായിട്ടും സ്ഥലത്തെത്താത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ സമരം നടവയൽ ടൗണിലേക്ക് മാറ്റാൻ തീരുമാനിച്ചു. വാഹനത്തിൽ പോത്തിന്റെ ജഡം കയറ്റി ടൗണിൽ എത്തിയ പ്രതിഷേധക്കാർ ബിനാച്ചി പനമരം റോഡും പുൽപള്ളി-നടവയൽ റോഡും നെല്ലിയമ്പ റോഡും ഉപരോധിച്ചു. തുടർന്ന് പുൽപള്ളി ഡെപ്യൂട്ടി റെയ്ഞ്ചറുടെ ചുമതല വഹിക്കുന്ന ഫോറസ്റ്റർ മണികണ്ഠൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. നാട്ടുകാർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങൾ വനം വകുപ്പ് അധികൃതർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. നടവയലിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.