ആറാട്ടുപാറയിൽ റോഡ് തകർന്നു; വാഹനങ്ങൾക്ക് അപകടക്കെണി
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി-അമ്പലവയൽ റോഡിൽ ആറാട്ടുപാറയിൽ റോഡ് തകർന്നത് വാഹനങ്ങൾക്ക് വലിയ അപകട സാധ്യത ഉണ്ടാക്കുന്നതായി പരാതി.
എട്ടുമാസം മുമ്പ് വലിയ മഴയിൽ സംരക്ഷണഭിത്തിയടക്കം റോഡിന്റെ ഒരു വശം ഇടിഞ്ഞുപോവുകയായിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതാണ് പ്രശ്നം.
ഇറക്കത്തോടെയുള്ള കൊടും വളവിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞതിനാൽ ഒരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൽ കാണാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് ഇടിഞ്ഞ സ്ഥലത്ത് ബാരിക്കേഡ് വെച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത ഏറെയാണ്. മീനങ്ങാടി-അമ്പലവയൽ റോഡിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതൽ കടന്നുപോകുന്നത്.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസുകളുമുണ്ട്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാരാണ് അപകടത്തിൽപെടാൻ കൂടുതൽ സാധ്യത. ഇടിഞ്ഞ ഭാഗത്ത് വാഹനങ്ങൾ സൈഡ് കൊടുത്താൽ അപകടമുറപ്പാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരൻ കൊക്കയിൽ വീഴേണ്ടതായിരുന്നു. അപകട മുന്നറിയിപ്പ് ബോർഡും ബാരിക്കേഡുമുണ്ടായിട്ടും ഒരു പ്രയോജനവുമില്ലെന്ന് നാട്ടുകാരും പറയുന്നു.
രാത്രി അപകട സാധ്യത ഇരട്ടിയാണ്. ഇതിന് പുറമെ വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ കാടുനിറഞ്ഞതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. അന്തർ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ കടന്നുപോകുന്ന ഈ റോഡിൽ ഭാഗ്യംകൊണ്ട് മാത്രമാണ് പലരും വാഹനാപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. അടിയന്തരമായി റോഡിന്റെ ഇടിഞ്ഞ ഭാഗം സുരക്ഷിതമാക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.